പ്രതിഭയോട് വിശദീകരണം തേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി; കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകർക്കെതിരായ കായംകുളം എംഎൽഎ യു.പ്രതിഭയുടെ വാക്കുകൾ ഒരു പൊതുപ്രവർത്തകയ്ക്കു ചേരാത്തതാണെന്നു സിപിഎം. എംഎൽഎയുടെ പരാമർശങ്ങളിൽ പാർട്ടി വിശദീകരണം തേടുമെന്നു ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണം. സാമൂഹികമാധ്യമങ്ങളെ ഉപയോഗിക്കരുത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശങ്ങളും പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്നും നാസർ വ്യക്തമാക്കി.
അതേ സമയം യു.പ്രതിഭ എംഎൽഎക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രോഹിത് ഡിജിപിക്ക് പരാതി നൽകി.