യുഎഇയില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കും; എമിറേറ്റ്സ് വിമാനങ്ങൾ കൊച്ചിക്കും തിരുവനന്തപുരത്തിനും

ദുബായ്: കൊറോണ ബാധ തടയാൻ ഇന്ത്യ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എമിറേറ്റ്സ് പ്രത്യേക സർവീസ് നടത്തും. ഏപ്രിൽ ആറു മുതൽ കൊച്ചി, തിരുവനന്തപുരം,ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളുരു നഗരങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ.
ലോകത്തിലെ 14 നഗരങ്ങളിലേക്കാണ് എമിറേറ്റ്സ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചത്.
ആളുകളെ ഒഴിപ്പിക്കുന്നതിന് എമിറേറ്റ്സ് നേരത്തെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അനുമതി തേടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് ഇന്ത്യ പ്രത്യേക വിമാന സർവീസിന് അനുമതി നൽകിയത്. ഇതു സംബന്ധിച്ച് യു.എ.ഇ അധികൃതരിൽ നിന്ന് അനുമതി ലഭിച്ചതായി എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒയുമായ ഷെയ്ഖ് അഹമദ് ബിൻ സഈദ് അൽ മക്തും വ്യക്തമാക്കി.
എന്നാൽ കുവൈറ്റ് അന്താരാഷ്ട്ര സർവീസുകൾ അനിശ്ചിത കാലത്തേക്ക് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.