തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാൽ കാസര്‍കോട്ടെ രോഗവ്യാപനം ആശ്വസിക്കാവുന്ന നിലയിലേക്ക് വന്നിട്ടില്ല. കാര്യങ്ങള്‍ ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടുണ്ട്. നല്ല മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. നിരീക്ഷണത്തില്‍ കഴിയേണ്ട ചിലര്‍ കാസര്‍കോട്ട് ഇപ്പോഴും പുറത്തിറങ്ങി നടക്കുകയാണ്. അത് അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്‌. ഇടുക്കിയില്‍ പൊതുപ്രവര്‍ത്തകന് വൈറസ് ബാധയുണ്ടായത് അദ്ദേഹം രോഗബാധിതരുമായി ഇടപെട്ടതിന്റെ ഭാഗമായാണ്. അദ്ദേഹവുമായി നേരിട്ട് ഇടപഴകിയവരെ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അതിനെ സമൂഹ വ്യാപനമായി കാണേണ്ടതില്ലെന്ന് പിണറായി പറഞ്ഞു.