രാജ്യത്ത് 1.70 ലക്ഷം കോടിയുടെ പാക്കേജ്; പാവങ്ങള്‍ക്ക് സൗജന്യ അരിയും ഗ്യാസും ലഭ്യമാക്കും

ന്യൂഡൽഹി: രാജ്യത്ത് കൊറോണ ദീഷണിയെ തുടർന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇന്ത്യയിൽ ആരും പട്ടിണി കിടക്കേണ്ടി വരാതിരിക്കാനാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമുള്ള പദ്ധതിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
80 കോടി പാവങ്ങൾക്ക് അഞ്ച് കിലോ അരി അല്ലെങ്കിൽ ഗോതമ്പ് സൗജന്യമായി നൽകും.
നിലവിൽ നൽകുന്ന അഞ്ച് കിലോയ്ക്ക് പുറമെയാണിത്. അഞ്ച് കിലോ അരിയോ ഗോതമ്പോ ഏതെങ്കിലുമൊന്ന് ആവശ്യാനുസരണം തിരഞ്ഞെടുക്കാം. മൂന്നു മാസത്തേക്കാണ് ഇത് ലഭിക്കുക.
റേഷൻ കാർഡ് ഒന്നിന് ഒരു കിലോ പയർ വർഗവും മൂന്നുമാസം സൗജന്യമായി നൽകും. രണ്ട് തവണയായി ഇത് വാങ്ങാമെന്ന് മന്ത്രി പറഞ്ഞു.
ഉജ്ജ്വല പദ്ധതിയിലുള്ള പാവപ്പെട്ടവർക്ക് മൂന്നു മാസത്തേക്ക് എൽപിജി സിലിണ്ടർ സൗജന്യമാക്കും. 8.3 കോടി ബിപിഎൽ കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
നിർമ്മാണ ക്ഷേമ ഫണ്ടിലെ 31,000 കോടി രൂപയിൽ നിന്ന് നിർമ്മാണ മേഖലയിലെ 3.5 കോടി രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് ആശ്വാസ ധനം കൈമാറാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകുമെന്ന് മന്ത്രി അറിയിച്ചു.
കർഷകർക്ക് കിസാൻ സമ്മാൻ നിധിയുടെ ആദ്യ ഗഡുവായ 2000 രൂപ ഉടൻ നൽകും. ഏപ്രിൽ ആദ്യ ആഴ്ചയിൽ അക്കൗണ്ടിൽ ഈ പണം നിക്ഷേപിക്കും. 8.69 കോടി കർഷകർക്ക് ഇത് ലഭിക്കും
20 കോടി സ്ത്രീകൾക്ക് ജൻധൻ അക്കൗണ്ടിലൂടെ 500 രൂപ വീതം അടുത്ത മൂന്നു മാസം നൽകും.
തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി. 182 രൂപ നിലവിൽ ലഭിക്കുന്നത് 202 രൂപയാക്കിയാണ് വർധിപ്പിച്ചത്.
കൊറോണ പ്രതിരോധമേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷത്തിന്റെ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തി. ആശവർക്കർമാർ, പാരാമെഡിക്കൽ ജീവനക്കാർ, നഴ്സുമാർ എന്നിവർ ഈ ഇൻഷുറൻസ് പരിരക്ഷയിൽ വരും.

മുതിർന്ന പൗരന്മാർ, വിധവകൾ, ഭിന്നശേഷിക്കാർ, പെൻഷൻകാർ എന്നിങ്ങനെ മൂന്നുകോടി ആളുകൾക്ക് 1000 രൂപ വീതം അടുത്ത മൂന്നു മാസവും നൽകും. രണ്ട് തവണകളായിട്ടായിരിക്കും ഈ പണം അക്കൗണ്ടിൽ നിക്ഷേപിക്കുക
വനിതാ സ്വാശ്രയ സംഘങ്ങൾക്ക് നൽകുന്ന ഈടില്ലാത്ത വായ്പ 10 ലക്ഷമായിരുന്നത് 20 ലക്ഷമായി ഉയർത്തി.
പി.എഫിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിബന്ധനകൾ ലഘൂകരിച്ചു.
സംഘടിത മേഖലയിലെ പി.എഫ് വിഹിതം മൂന്നു മാസത്തേത് സർക്കാർ അടയ്ക്കും. 100 ജീവനക്കാർ വരെയുള്ള കമ്പനികളിലെ ഇ.പി.എഫ് വിഹിതമാണ് നൽകുകയെന്ന് ധനമന്ത്രി പറഞ്ഞു.