ചെന്നൈ: ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങളെ മാനിക്കാതെ ജനം ഇന്നും നിരത്തിലിറങ്ങി. അനുസരണക്കേട് കാട്ടിയ ജനങ്ങളോട് നിർദ്ദേശങ്ങൾ പാലിക്കാനായി, കാലുപിടിച്ച് കെഞ്ചികരയുന്ന പോലീസുകാരന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
തമിഴ്നാട്ടില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ബൈക്കിലെത്തിയ യാത്രികരോട് സമാധാനപരമായി മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് കേള്‍ക്കാതെ വന്നതോടെയാണ് പൊലീസുകാരന്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്.

ദയവായി വീട്ടിലിരിക്കൂ, വെളിയില്‍ പോകരുത്, നമ്മുടെ നാട് നാശത്തിലേക്ക് പോകാതിരിക്കാനായി നിങ്ങളുടെ കാല് തൊട്ട് ആവശ്യപ്പെടുകയാണ് എന്ന് പൊലീസുകാരന്‍ ആവശ്യപ്പെടുന്നു. നിര്‍ദേശങ്ങള്‍ മാനിക്കാതെ നിരവധിപ്പേര്‍ പൊലീസുകാരനെ മറികടന്ന് പോകുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. തമിഴ് വാര്‍ത്താ മാധ്യമമായ പോളിമര്‍ ന്യൂസാണ് റോഡില്‍ കൈകള്‍ കൂപ്പി നിന്ന് പൊട്ടിക്കരയുന്ന പൊലീസുകാരന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. നാട്ടിന് വേണ്ടി വീട്ടുകാര്‍ക്ക് വേണ്ടി ദയവ് ചെയ്ത് നിങ്ങള്‍ തിരികെ പോകണമെന്ന് പൊലീസുകാരന്‍ നിരവധിപ്പേരോട് ആവശ്യപ്പെടുന്നു. അറിഞ്ഞോ അതിയാതെയോ നിങ്ങള്‍ തെറ്റ് ചെയ്യുകയാണ് എന്ന് ചൂണ്ടിക്കാണിച്ചിട്ടും യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കേള്‍ക്കാതെ പോയതോടെയാണ് പൊലീസുകാരന് നിയന്ത്രണം നഷ്ടമായി പൊട്ടിക്കരയുന്നത്.