ലോക്ക്ഡൗണ്‍ ലംഘിച്ചു; 2,535 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2,535 പേര്‍ അറസ്റ്റിലായി. സമ്പൂര്‍ണ ലോക് ഡൗണിന്റെ രണ്ടാം ദിനവും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഗൗനിക്കാതെ ജനം പലയിടത്തും റോഡിലിറങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഇത്തരക്കാരെ തടഞ്ഞ് തിരിച്ചയച്ചതിനൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 1636 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. കോട്ടയത്താണ് കൂടുതല്‍ അറസ്റ്റ്. 481 പേരാണ് കോട്ടയത്ത് അറസ്റ്റിലായത്. കൊച്ചിയിലും റോഡിലെ തിരക്കിനും അനാവശ്യ യാത്രക്കും ഒരു കുറവുമുണ്ടായില്ല. കോഴിക്കോട്ട് അനാവശ്യ യാത്രക്കിറങ്ങിയ ബൈക്ക് യാത്രക്കാരന്റെ താക്കോല്‍ ഊരിയെടുത്ത് പൊലീസ് നടപടി കടുപ്പിച്ചു. കണ്ണൂരില്‍ റൂട്ട് മാര്‍ച്ച്‌ നടത്തിയ പൊലീസ് വിലക്ക് ലംഘിച്ചിറങ്ങിയ വാഹനങ്ങളും പിടിച്ചെടുത്തു. കണ്ണൂരില്‍ 94 പേരാണ് അറസ്റ്റിലായത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അനുസരിക്കാതെ അനാവശ്യ യാത്രക്കിറങ്ങുന്നവരുടെ വാഹനത്തിന്റെ റജിസ്ട്രേഷന്‍ റദ്ദാക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് തീരുമാനിച്ചു. ആദ്യം നോട്ടീസ് നല്‍കിയ ശേഷമാകും നടപടി. നൂറിലേറെ വാഹനങ്ങള്‍ക്ക് ഇതിനകം നോട്ടീസ് നല്‍കി. യാത്രക്ക് പാസ് എടുക്കണമെന്ന നിര്‍ദേശത്തില്‍ നിന്ന് കൂടുതല്‍ അവശ്യവിഭാഗങ്ങളെ ഒഴിവാക്കി പൊലീസ് ഉത്തരവിറക്കി. രാവിലെ എട്ടിന് തിരുവനന്തപുരം പാപ്പനംകോട് ജംഗ്ഷനില്‍ തിരക്ക് അനുഭവപ്പെട്ടു. ഭൂരിഭാഗം പേരും കാഴ്ച കാണാനും തമാശയ്ക്കും വണ്ടിയെടുത്തിറങ്ങിയവരാണ്.ഒടുവില്‍ പൊലീസ് നടപടി കടുപ്പിക്കുകയായിരുന്നു.