കൊറോണ; 25 പേർ വന്നത് ദുബായിൽ നിന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ച 28 പേരിൽ 25 പേരും ദുബായിൽ നിന്നും മടങ്ങി എത്തിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പുറത്തു നിന്നും വന്നവരിൽ വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കർശന നടപടികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശത്തു നിന്നും വരുന്നവരെ കൂടാതെ ഇനി മുതൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരും 14 ദിവസത്തെ സ്വയം നിരീക്ഷണം സ്വീകരിക്കണം. നിരീക്ഷണത്തിൽ കഴിയുന്നവർ ഇക്കാലയളവിൽ പുറത്തിറങ്ങി നടന്നാൽ അറസ്റ്റ് ചെയ്യാനാണ് സർക്കാരിൻ്റെ തീരുമാനം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ അവിടെ തന്നെ തുടരുന്നു എന്നുറപ്പാക്കാൻ മൊബൈൽ ലൊക്കേഷൻ പരിശോധിക്കാനും നിരീക്ഷണത്തിൽ കഴിയുന്നവരുടെ അയൽവാസികളെ ചുമതലപ്പെടുത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതേസമയം യുഎഇയിലെ വ്യോമഗതാഗതം താത്കാലികമായി നിർത്തിവയ്ക്കുകയും രാജ്യത്തെ അഭ്യന്തരവിമാനയാത്രകൾ നാളത്തോടെ അവസാനിപ്പിക്കുകയും ചെയ്യുന്നത് സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും ആശ്വാസം നൽകും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ 29 കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്നൊരു ദിവസം മാത്രം 28 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് കാസർകോട് ജില്ലയിൽ മാത്രം നിലവിലുണ്ടായിരുന്ന ലോക്ക്ഡൌണ് സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.