അമേരിക്കയിൽ 45 മിനിറ്റിനുള്ളില്‍ കൊറോണ നിർണയം

വാഷിംഗ്ടൺ: കൊറോണ വൈറസ് ബാധ 45 മിനിറ്റിനുള്ളിൽ സ്ഥിരീകരിക്കാനുള്ള അതിവേഗ രോഗനിർണയ പരിശോധനയ്ക്ക് അമേരിക്ക അനുമതി നൽകി. കാലിഫോർണിയയിലെ സെഫിഡ് മെഡിക്കൽ കമ്പനിയാണ് അതിവേഗ രോഗനിർണയത്തിന് പിന്നിലെന്ന് അമേരിക്കൻ ആരോഗ്യ സെക്രട്ടറി അലക്സ് അസർ വ്യക്തമാക്കി.

വൈറസ് ബാധ നിയന്ത്രണാതീതമായ സാഹചര്യത്തിൽ അതിവേഗം രോഗം തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നൽകാൻ ഇതുവഴി സാധിക്കുമെന്നതിനാൽ അടുത്ത ആഴ്ച മുതൽ ഈ പരിശോധന അമേരിക്കയിൽ ആരംഭിക്കും.
ലാബുകളിലെ നിലവിലെ പരിശോധനയ്ക്ക് കൂടുതൽ സമയം ആവശ്യമായതിനാൽ രോഗനിർണയം നീണ്ടുപോയിരുന്നു. പുതിയ പരിശോധനാ സംവിധാനം
മാർച്ച് 30നകം രാജ്യത്ത് ആരംഭിക്കാനുള്ള ശ്രമത്തിലാണ് സെഫിഡ്.