ബറോഡ: വനിതാ ക്രിക്കറ്റ് താരങ്ങളോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ കോച്ച് അതുൽ ബദാദെയെ സസ്പെൻഡ് ചെയ്തു. ബറോഡ ക്രിക്കറ്റ് അസോസിയേഷന്റേതാണ് നടപടി.ഇടങ്കയ്യൻ ബാറ്റ്സ്മാനായ ബദാദെ ഇന്ത്യയ്ക്കുവേണ്ടി 13 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്.
നേരത്തേ പുരുഷ ടീമിന്റെ പരിശീലകനായിരുന്ന ബദാദെ വനിതാ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത് കഴിഞ്ഞ വർഷമാണ്.
ഹിമാചൽ പ്രദേശിൽ കഴിഞ്ഞ മാസം ഒരു ടൂർണമെന്റിനിടെയായിരുന്നു ബദാദെയുടെ ലൈംഗികാതിക്രമമെന്ന്
കളിക്കാർ പരാതിപ്പെട്ടിരുന്നു. കൂടാതെ പരസ്യമായി അപഹസിക്കുകയും ചെയ്തുവെന്നാണ് കളിക്കാരുടെ പരാതി. പരാതി ലഭിച്ച ഉടൻ അസോസിയേഷൻ ബദാദെയെ സസ്പെൻഡ് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഒരു ഏകാംഗ കമ്മീഷനെ നിയോഗിച്ചതായി ബി.സി. എ. സെക്രട്ടറി അജിത് ലെലെ പറഞ്ഞു.
തകർപ്പൻ ബാറ്റ്സ്മാനായ ബദാദെയുടെ അരങ്ങേറ്റം 1994ൽ ഷാർജയിൽ യു.എ.ഇയ്ക്കെതിരേയായിരുന്നു. രഞ്ജിയിൽ ബറോഡയ്ക്കുവേണ്ടി 64 മത്സരങ്ങളും കളിച്ചിട്ടുണ്ട്.