കൊറോണ: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 20,000 കോടിയുടെ പാക്കേജ്

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പാക്കേജ് പ്രഖ്യാപിച്ചത്.

എ.പി.എൽ., ബി.പി.എൽ. വ്യത്യാസമില്ലാതെ എല്ലാവർക്കും 10 കിലോ എന്ന നിരക്കിൽ ഒരുമാസത്തെ ഭക്ഷ്യധാന്യം നൽകും. 100 കോടി രൂപ ഇതിനായി വകയിരുത്തും. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന 1000 ഭക്ഷണശാലകൾ ഏപ്രിൽ മുതൽ പ്രവർത്തനം ആരംഭിക്കും. സെപ്റ്റംബറിൽ തുടങ്ങാനിരുന്നതാണ് ഈ ന്യായവില ഹോട്ടലുകൾ.50 കോടി രൂപ ഇതിനായി ചെലവഴിക്കും.

കൂടുതൽ തൊഴിൽ സ്യഷ്ടിച്ച് കുടുംബശ്രീ വഴി ഏപ്രിൽ-മെയ് മാസങ്ങളിൽ 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും.കുടുംബങ്ങൾക്കാണ് വായ്പ ലഭ്യാവുക.ഇതിന്റെ ഭാഗമായി 1000 കോടി രൂപ വീതമുളള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രിലിൽ നൽകേണ്ട സാമൂഹിക സുരക്ഷാ പെൻഷൻ കൂടി ഈ മാസം നൽകും. 50 ലക്ഷത്തിൽപ്പരം ആളുകൾക്ക് സാമൂഹികസുരക്ഷ പെൻഷൻ ലഭിക്കുന്നുണ്ട്.1320 കോടി രൂപ ഇതിനായി നീക്കിവയ്ക്കും.
സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങാത്ത ബി.പി.എൽ, അന്ത്യോദയ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് 1000 രൂപ വീതംനൽകും. 100 കോടി ഇതിനായി വിനിയോഗിക്കും.
ഹെൽത്ത് പാക്കേജുകൾക്കായി 500 കോടി രൂപ വിലയിരുത്തും.
14000 കോടി രൂപ കുടിശ്ശികകൾ കൊടുത്തുതീർക്കാനായി ചെലവഴിക്കും.

ഓട്ടോറിക്ഷ, ടാക്സി ഉടമകൾക്ക് ഈ ഘട്ടത്തിൽ നൽകേണ്ട ഫിറ്റ്നസ് ചാർജ് ഇളവ് നൽകും. ബസുകൾക്ക് ടാക്സിൽ ഇളവ്. സ്റ്റേജ് കാര്യേജുകൾക്ക് മൂന്നു മാസത്തെ ടാക്സിൽ ഒരു മാസത്തെ ഇളവ്. കോൺട്രാക്ട് കാര്യേജുകൾക്കും തത്തുല്യമായ ഇളവ് നൽകും.
വൈദ്യുതി, വാട്ടർ ബില്ലുകൾ അടയ്ക്കാൻ ഒരു മാസത്തെ സാവകാശം അനുവദിക്കും. തിയറ്ററുകൾക്ക് എന്റർടെയിൻമെന്റ് ടാക്സിൽ ഇളവ് നൽകും.

വേണ്ടിവന്നാൽ പ്രതിരോധ സഹായം തേടും

കോവിഡിന്റെ വ്യാപന സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ട് കോവിഡ് 19 വ്യാപനമുണ്ടായാൽ നേരിടാൻ പ്രതിരോധ സേന സഹായം വാഗ്ദാനം ചെയ്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമെങ്കിൽ സൈനിക ആശുപത്രി സഹായം ലഭിക്കും. ബാരക്കുകളെ കോവിഡ് കെയർ സെന്ററുകൾ ആക്കിമാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.