രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര നിര്‍ദ്ദേശം

ന്യൂഡെൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമേ സ്വിമ്മിങ് പൂളുകൾ, മാളുകൾ, എന്നിവയും അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഇനിയുള്ള സമയം വളരെ നിർണായകമാണെന്ന് വിലയിരുത്തിയാണ് മാർച്ച് 31 വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും ഉൾപ്പടെ അടച്ചിടാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.

പൊതുഗതാഗത സംവിധാനം കുറക്കണം, ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികൾ ഒരുക്കണമെന്നും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ നിർദേശിച്ചു.
മാർച്ച് 31 വരെ ഒരു മീറ്റർ അകലത്തിൽ നിന്നുവേണം ആളുകൾ തമ്മിൽ ഇടപഴകാൻ. ഗൾഫിൽ നിന്ന് വരുന്നവരെ മാറ്റിപ്പാർപ്പിക്കണം. യൂറോപ്പിൽ നിന്ന് വരുന്ന യാത്രക്കാരെ കൊണ്ടുവരരുതെന്ന് വിമാനകമ്പനികൾക്ക് നിർദേശമുണ്ട്. യൂറോപ്പിലേക്ക് യാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച മുതൽ നിരോധനം നിലവിൽ വരും.
ഒഡിഷ, ജമ്മു കശ്മീർ, ലഡാക്ക്, കേരളം എന്നിവിടങ്ങളിലായി നാല് പുതിയ കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 114 ആയി.