വെടിവയ്പ്, ആക്രമണം, കൊള്ള: ഡെൽഹി യുദ്ധക്കളമായി; മ​ര​ണം 13

ന്യൂഡൽഹി: രണ്ടു ദിവസമായി തുടരുന്ന അക്രമങ്ങൾ രാജ്യതലസ്ഥാനത്തെ യുദ്ധക്കളമാക്കി. വെടിവയ്പും, അക്രമവും തീവയ്പും കൊള്ളയും വടക്കു കിഴക്കൻ ഡെൽഹിയിലെ ജനജീവിതം ഭീതി ജനകമാക്കി. അടുത്ത കാലത്തൊന്നും തലസ്ഥാന നഗരി കണ്ടിട്ടില്ലാത്ത അക്രമങ്ങളാണ് എങ്ങും. അക്രമങ്ങളിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 13 ആയി. 56 പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ 186 പേർ‌ക്ക് പരിക്കേറ്റിട്ടുണ്ട് പല‍യിടങ്ങളിലും അക്രമങ്ങൾ തുടരുകയാണ്. വടക്കുകിഴക്കൻ ഡെൽഹിയിൽ അക്രമികളെ കണ്ടാൽ ഉടൻ വെടിവെക്കാനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. പോലീസിനെ സാക്ഷിയാക്കി പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും പലയിടങ്ങളിലും ഏറ്റുമുട്ടി. ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് പരസ്പരം കല്ലെറിയുകയും വാഹനങ്ങൾക്കും കടകൾക്കും തീവെക്കുകയും ചെയ്തു. വിവിധയിടങ്ങളിൽ അക്രമികൾ ഇപ്പോഴും വാഹനങ്ങൾ അഗ്നിക്കിരയാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഇന്ന് വൈകിട്ടോടെ ദ്രുതകർമസേനയെ വിന്യസിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് ആറായിരത്തോളം അർധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.

ജഫർബാദ് പാതയിൽ നിന്ന് അക്രമികളെ ഒഴിപ്പിച്ചു. ഗാസിയാബാദിൽ നിന്ന് നോർത്ത് ഈസ്റ്റ് ഡൽഹിയിലേക്കുള്ള പാതകൾ പോലീസ് ബാരിക്കേഡുകൾ വച്ച് അടച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ നാല് ഇടങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.

വടക്കു കിഴക്കൻ ഡൽഹിയിലെ സ്കൂളുകൾക്ക് ഇന്നും അവധിയാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. എല്ലാ ബോർഡ് പരീക്ഷകളും മാറ്റിവെച്ചു. വടക്കു കിഴക്കൻ ഡൽഹിയിലെ 10,12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനിച്ചതായി സി.ബി.എസ്.ഇ. വാർത്താക്കുറിപ്പിൽ അറിയിച്ചു.