കുട്ടനാട്: കേരളാ കോൺഗ്രസുകൾ വീണ്ടും കടിപിടി തുടങ്ങി

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലി വീണ്ടും അവകാശവാദവുമായി
കേരളാ കോൺഗ്രസുകൾ രംഗത്ത്. പൊതു തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ സീറ്റ് പകരം നൽകിയാൽ കുട്ടനാട് വിട്ടുനൽകാമെന്നാണ് പി ജെ ജോസഫ് വിഭാഗത്തിന്റെ
നിലപാട്.

എന്നാൽ കുട്ടനാട് വിട്ടുനൽകില്ലെന്ന് ജോസ് കെ.മാണി വിഭാഗം ആവർത്തിച്ച് വ്യക്തമാക്കുന്നു.
പി ജെ ജോസഫിനൊപ്പമുള്ള ജേക്കബ് എബ്രഹാമാണ് കഴിഞ്ഞ തവണ കുട്ടനാട്ടിൽ തോമസ് ചാണ്ടിയോട് മത്സരിച്ചത്. ജേക്കബ് എബ്രഹാം മുമ്പ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലായിരുന്നു.പാർട്ടി പിളർന്നപ്പോൾ ജേക്കബ് എബ്രഹാം ജോസഫ് പക്ഷത്ത് നിലയുറപ്പിക്കുകയായിരുന്നു. ജേക്കബ് എബ്രഹാമിനെ സ്ഥാനാർഥിയാക്കാൻ ജോസഫ് ഗ്രൂപ്പിൽ നേരത്തേ തീരുമാനമായിരുന്നു.
എന്നാൽ തങ്ങളുടെ സീറ്റ് വിട്ടു നൽകില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി വിഭാഗം. നേരത്തേ ഒപ്പമുണ്ടായിരുന്ന സി എഫ് തോമസ് ജോസഫിനൊപ്പം നിലയുറപ്പിച്ചപ്പോൾ ചങ്ങനാശേരി ജോസ് കെ.മാണി വിഭാഗത്തിന് നഷ്ടമായിരുന്നു. കുട്ടനാട് കൂടി നഷ്ടമായാൽ അത് കനത്ത പ്രഹരമാകുമെന്നതിനാലാണ് ജോസ് വിഭാഗം അവകാശവാദം കടുപ്പിച്ചിരിക്കുന്നത്. കുട്ടനാട്ടിൽ പ്രവർത്തകർ ഭൂരിഭാഗവും തങ്ങൾക്കൊപ്പമാണെന്ന് ഇവർ പറയുന്നു. ഔദ്യോഗിക കേരളാ കോൺഗ്രസ് ഏതെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നതിനാൽ നിലവിലുള്ള സീറ്റ് നിലയിൽ മാറ്റം വന്നാൽ തങ്ങളെ ബാധിക്കുമെന്ന് ഇരുകൂട്ടരും വിലയിരുത്തുന്നു.
കോൺഗ്രസിന് സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നാൽ പകരം മൂവാറ്റുപുഴ എന്ന ഉപാധിയാണ് ജോസഫിന്റേത്.
പാലാ ഉപതെരഞ്ഞെടുപ്പ് രീതി കുട്ടനാട്ടിലും അനുവർത്തിക്കണമെന്നാണ് ജോസഫിന്റെ വാദം.
കുട്ടനാട്ടിന് പകരം തങ്ങൾക്ക് സീറ്റ് വേണമെന്ന ആവശ്യം ജോസ് വിഭാഗവും മുന്നോട്ട് വയ്ക്കുമെന്നാണ് അറിയുന്നത്. ദീർഘനാളായി ചങ്ങനാശേരിയിൽ മൽസരിപ്പിക്കാൻ ജോസ് വിഭാഗം ആഗ്രഹിക്കുന്ന ജോബ് മൈക്കിളിന് വേണ്ടിയാകും ഈ അവകാശവാദമെന്നറിയുന്നു.
ഏതെങ്കിലുമൊരു കേരളാ കോൺഗ്രസ് വിഭാഗത്തിന് സീറ്റു നൽകിയാൽ കാലു വാരലുണ്ടാകുമെന്ന വിലയിരുത്തലിലാണ് കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസത്തെ യുഡിഎഫ് യോഗത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചത്.ശനിയാഴ്ച കൊച്ചിയിൽ നടക്കുന്ന ഉദയകക്ഷി ചർച്ചകളിൽ ഏകദേശ ധാരണയാകുമെന്നാണറിയുന്നത്.