കു​ട്ട​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി; എൻസിപിയിൽ ഭിന്നത

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിയെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷമായി. സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യവുമായി വെള്ളാപ്പള്ളി രംഗപ്രവേശം ചെയ്തു.

എൻസിപിയുടെ സീറ്റിൽ സ്ഥാനാർഥിയാരെന്ന് എൽഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി നേതാവും മന്ത്രിയുമായ എ.കെ.ശശീന്ദ്രൻ കോഴിക്കോട്ട് വ്യക്തമാക്കി. സ്ഥാനാർഥിയായി ഇപ്പോൾ ഉയർന്നു കേൾക്കുന്ന പേരുകളൊന്നും യഥാർഥമല്ലെന്നും അദ്ദേഹം പറഞ്ഞു.

എൻസിപി സംസ്ഥാന പ്രസിഡന്റ് കൂടിയായിരുന്ന തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസ് മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ചായിരുന്നു മന്ത്രി ശശീന്ദ്രന്റെ പ്രതികരണം.

രണ്ടാഴ്ചയ്ക്ക് ശേഷമേ പാർട്ടി സ്ഥാനാർഥി ചർച്ചകൾ തുടങ്ങൂ. ഉറച്ച സീറ്റായതിനാൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പലരും രംഗത്തുവരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം തോമസ് ചാണ്ടിയുടെ രാഷ്ട്രീയ പ്രതിയോഗി കൂടിയായിരുന്ന മന്ത്രി ശശീന്ദ്രന്റെ പരസ്യ നിലപാട് സീറ്റ് നിർണ കാര്യത്തിൽ എൻസിപിയിലെ ഭിന്നത പ്രകടമാക്കുന്നതാണ്. പാർട്ടി സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്റർ അടക്കമുള്ള നേതാക്കൾ കുട്ടനാട്ടിൽ ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിനെ മൽസരിപ്പിക്കണമെന്ന് അഭിപ്രായമുള്ളവരാണ്. തോമസിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ചാണ്ടിയുടെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനടക്കം കത്ത് നൽകിയിരുന്നു.എന്നാൽ പാർട്ടി നേതാക്കൾ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായക്കാരാണെന്ന് സൂചനയുണ്ട്.

അതിനിടെ എൻസിപി ക്ക് നൽകുന്നതിൽ അർഥമില്ലെന്നും കുട്ടനാട്ടിൽ സിപിഎം സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്നും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചേർത്തലയിൽ പറഞ്ഞു. ചെത്തുകാരന്റെ വോട്ടു വേണ്ടെന്ന് പറയുന്ന ബ്ലേഡുകാരനെ മര്യാദ പഠിപ്പിക്കുമെന്നും വെള്ളാപ്പള്ളി മുന്നറിയിപ്പ് നൽകി.