വാവ സുരേഷ് വീണ്ടും മൂര്‍ഖനെ പിടിച്ചു

തിരുവനന്തപുരം: പാമ്പുകടിയേറ്റ് ചികിൽസയിൽ കഴിഞ്ഞ വാവാ സുരേഷ് ആശുപത്രി വിട്ട് മണിക്കൂറുകൾക്കുള്ളിൽ മൂർഖനെ പിടികൂടി. വാവ സുരേഷു തന്നെയാണ് ഫെയ്സ്ബുക്കിൽ ഇക്കാര്യം അറിയിച്ചത്. അരുവിക്കരയിലെ വീട്ടുപറമ്പിൽ നിന്ന് ഇന്ന് രാവിലെയാണ് മൂർഖനെ പിടികൂടിയത്. വാവ സുരേഷ് തന്റെ ഫെയ്സ്ബുക്കിൽ മൂർഖന്റെ ചിത്രം സഹിതം പങ്കുവെച്ചു.

പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുരേഷിനെ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഡിസ്ചാർജ് ചെയ്തത്. പുതിയ അതിഥിയെ പിടികുടിയെന്നാണ് സുരേഷ് ഫെയ്സ് ബുക്കിൽ കുറിച്ചത്.

ചുരുങ്ങിയ സമയത്തിനുള്ളിൽ അനേകരാണ് വാവാ സുരേഷിന്റെ പോസ്റ്റിൽ അഭിപ്രായങ്ങളുമായി രംഗത്തുവന്നത്. ശ്രദ്ധിക്കണം. താങ്കളുടെ ജീവൻ വളരെ പ്രധാനപ്പെട്ടതാണ്. പാമ്പിനെ കൊണ്ട് അഭ്യാസം വേണ്ട ഇനി അപകടം വിളിച്ചു വരുത്തരുത് – എന്നിങ്ങനെ അഭ്യുദയകാംക്ഷികൾ നിരവധി കമൻറുകളാണ് നിറയെ. ഈ മാസം 13നാണ് സുരേഷിന് പത്തനംതിട്ടയിൽ വച്ച് പിടികൂടിയ പാമ്പിനെ പ്രദർശിപ്പിക്കുമ്പോൾ കടിയേറ്റത്. ഒരാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ സുരേഷിന്റെ ആരോഗ്യനില ഏറെ ആശങ്കാജനകമായിരുന്നു. പാമ്പ് പിടിത്തത്തിനിറങ്ങുമ്പോൾ ഏറെ സൂക്ഷിക്കണമെന്ന് ഡോക്ടർമാർ വിദഗ്ധോപദേശം നൽകിയാണ് ആശുപത്രിയിൽ നിന്ന് വിട്ടത്. സുരേഷാകട്ടെ 24 മണിക്കൂറിനുള്ളിൽ വീണ്ടും പാമ്പുപിടിത്തം ആരംഭിച്ചിരിക്കയാണ്.