തോമസ് കെ തോമസ് കുട്ടനാട്ടിൽ എൽഡിഎഫ് സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം: കുട്ടനാട് നിയമസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൻസിപി സ്ഥാനാർഥിയായി തോമസ് കെ.തോമസ് മത്സരിക്കും.

കഴിഞ്ഞ മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച അന്തരിച്ച മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. എൻ സി പി സംസ്ഥാന പ്രസിഡൻറായിരുന്ന തോമസ് ചാണ്ടി എംഎൽഎ രോഗബാധിതനായപ്പോൾ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് തോമസാണ്. കഴിഞ്ഞ ദിവസം ചേർന്ന എൽഡിഎഫ് യോഗത്തിന് ശേഷം സിപിഎം,സിപിഐ, എൻസിപി നേതാക്കൾ നടത്തിയ ചർച്ചയിലാണ് സീറ്റ് എൻസിപിക്ക് തന്നെ നൽകാൻ ധാരണയായത്.

തോമസ് കെ തോമസിനെ സ്ഥാനാർഥിയാക്കാൻ എൻസിപിയിൽ ഏകദേശ ധാരണയായതായി സൂചനയുണ്ട്. തോമസിനെ ഇടതു സ്ഥാനാർഥിയാക്കണമെന്ന് അഭ്യർഥിച്ച് തോമസ് ചാണ്ടിയുടെ ഭാര്യ മുഖ്യമന്ത്രിക്കും ഇടതു നേതാക്കൾക്കും എൻസിപി സംസ്ഥാന അധ്യക്ഷനും കത്ത് നൽകിയിരുന്നു. തോമസ് ചാണ്ടിയുടെ ഭാര്യയെ കുട്ടനാട്ടിൽ പരിഗണിക്കുമെന്ന അഭ്യൂഹം പരന്ന സാഹചര്യത്തിലാണ് തോമസിനെ സ്ഥാനാർഥിയാക്കാൻ അവർ നേതാക്കൾക്ക് കത്ത് നൽകിയത്.തോമസിനെ മൽസരിപ്പിക്കാൻ ചാണ്ടിയും ആഗ്രഹിച്ചിരുന്നുവെന്ന് അവർ വ്യക്തമാക്കിയിരുന്നു. പ്രാദേശിക ഇടതു നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ സുപരിചിതനാണെന്നതും തോമസിന് അനുകൂലഘടകമാണ്. എൻസിപി സംസ്ഥാന പ്രസിഡന്റ് പീതാംബരക്കുറുപ്പ് പാർട്ടി അഖിലേന്ത്യാ അധ്യക്ഷൻ ശരത് പവാറിന്റെ കുടി അനുമതി തേടിയ ശേഷം തോമസിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും.

ഉപ തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഇടതുമുന്നണി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. ഈ വർഷം തന്നെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടതുമുന്നണിയെ സംബന്ധിച്ച് കുട്ടനാട്ടിലെ വിജയം അനിവാര്യമാണ്.