ഷുഹൈബ് വധക്കേസ് പ്രതിയുടെ സഹോദരിയെ പുറത്താക്കി; ശുപാര്‍ശ നല്‍കിയയാളും പുറത്ത്

കണ്ണൂർ: ശുഹൈബ് വധക്കേസിലെ പ്രതി കാക്കയങ്ങാട് സ്വദേശിയുടെ സഹോദരിയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെ നഴ്സിംങ്ങ് ജോലിയിൽ നിന്ന് പുറത്താക്കി. കോൺഗ്രസ് ഭരണത്തിലുള്ള ആശുപത്രിയിൽ ഇവർക്ക് ജോലി നൽകിയത് വിവാദമായതോടെയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നടപടി. ജോലിക്കായി ശുപാർശ ചെയ്ത കോൺഗ്രസ് കണിച്ചാർ മണ്ഡലം മുൻ പ്രസിഡന്റ് ചാക്കോ തൈക്കുന്നേലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പുറത്താക്കുകയും ചെയ്തു.

യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ കുടുംബത്തെ സഹായിക്കേണ്ട ബാധ്യത കോൺഗ്രസിനില്ലെന്നും ഇത് തെറ്റാണെന്നും ഡി.സി.സി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാക്കോ തൈക്കുന്നേലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് വന്നത്.

സിസിസി നേത്യത്വം ശുഹൈബിന്റെ പിതാവ് മുഹമ്മദിനോട് മാപ്പും പറഞ്ഞു. ഒപ്പം ആശുപത്രിയിൽ നിന്ന് അവരെ പുറത്താക്കിക്കൊണ്ടുള്ള പത്രക്കുറിപ്പും ഇറക്കുകയുമായിരന്നു.

കെ.പി.സി.സി ഭാരവാഹിയായ മമ്പറം ദിവാകരൻ പ്രസിഡന്റായ ആശുപത്രിയിലാണ് യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് ജോലി നൽകിയത്.