കെ സുരേന്ദ്രന്‍ ചുമതലയേറ്റു; കൃഷ്ണദാസ് വിഭാഗം വിട്ടുനിന്നു

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രൻ ചുമതലയേറ്റു. കുന്നുകുഴിയിലെ ബിജെപി ആസ്ഥാനത്തായിരുന്നു ചടങ്ങ്. കേന്ദ്ര മന്ത്രി വി. മുരളീധരൻ, ശിവരാജ് സിങ് ചൗഹാൻ, ഒ രാജഗോപാൽ എംഎൽഎ, പി പി മുകുന്ദൻ, എം ടി രമേശ് തുടങ്ങിയവർ പങ്കെടുത്തു. നേതാക്കളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നെങ്കിലും ക്യഷ്ണദാസ് പക്ഷത്തെ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തില്ല.

നേരത്തേ ചുമതലയേൽക്കാൻ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സുരേന്ദ്രന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, എം.ടി രമേശ് അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടർന്ന് റോഡ് ഷോയായി ബിജെപി ആസ്ഥാനത്തെത്തി സുരേന്ദ്രൻ സ്ഥാനമേൽക്കുകയായിരുന്നു.

ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും ചടങ്ങിനെത്തി. സംസ്ഥാന നേതാക്കളെല്ലാം ചടങ്ങിൽ പങ്കെടുത്തപ്പോൾ കെ. സുരേന്ദ്രനൊപ്പം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് എ.എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ എന്നിവരുടെ അസാന്നിധ്യം ഏറെ ശ്രദ്ധേയമായി.

സംസ്ഥാനപ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതിൽ പി.കെ. കൃഷ്ണദാസ് പക്ഷത്തെ നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.