എന്‍ജിനീയറിങ് വിദ്യാര്‍ഥി പട്ടാപ്പകല്‍ കുത്തേറ്റുമരിച്ചു; മുന്‍ എം.എല്‍.എയുടെ മകന്‍ അറസ്റ്റില്‍

ലഖ്നൗ: പട്ടാപകൽ എൻജിനീയറിങ് വിദ്യാർഥി കുത്തേറ്റു മരിച്ച സംഭവത്തിൽ ബി.എസ്.പി. മുൻ എം.എൽ.എ യുടെ മകൻ അറസ്റ്റിൽ. എൻജിനീയറിങ് വിദ്യാർഥിയായ പ്രശാന്ത് സിങ്ങാ (23)ണ് ഇന്നലെ ഒരു പറ്റം അക്രമികളുടെ കുത്തേറ്റു മരിച്ചത്.മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

വരണാസി സ്വദേശിയായ പ്രശാന്ത് ലഖ്നൗവിലെ പ്രശസ്ത എൻജിനീയറിങ് കോളേജിലെ വിദ്യാർഥിയാണ്. സംഭവുമായി ബന്ധപ്പെട്ട് ബി.എസ്.പി. മുൻ എം.എൽ.എ ഷംഷാർ ബഹാദൂറിന്റെ മകനും മുഖ്യപ്രതിയുമായ അമൻ ബഹാദൂറിനെയാണ് വെള്ളിയാഴ്ച പുലർച്ചെ പോലീസ് അറസ്റ്റ് ചെയ്തത്.

ലഖ്നൗവിലെ ഗോമതി നഗറിലെ അളകനന്ദ അപ്പാർട്മെന്റിൽ സഹോദരിയെ കാണാൻ എത്തിയതായിരുന്നു പ്രശാന്ത്. ഈ സമയം അപ്പാർട്മെന്റിനു മുന്നിൽ പ്രശാന്തിനെ കാത്തുനിൽക്കുകയായിരുന്നു അഞ്ചംഗ അക്രമിസംഘം. ഇന്നോവയിലെത്തിയ പ്രശാന്തിനെ ഇവർ നെഞ്ചിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമീപത്തെ അപ്പാർട്മെന്റിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നിരവധി തവണ കുത്തേറ്റ പ്രശാന്ത് കാറിൽനിന്ന് ഇറങ്ങിയോടുന്നതും കാമറയിൽ പതിഞ്ഞു. നെഞ്ചിൽ കുത്തേറ്റ പ്രശാന്ത്, മുറിവ് കൈകൊണ്ട് അമർത്തിപ്പിടിച്ച് അപ്പാർട്മെന്റിനുള്ളിലേക്ക് ഓടിക്കയറുന്നതിനിടെ പടിക്കെട്ടിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. പ്രശാന്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും താമസിയാതെ മരിച്ചു.

പ്രശാന്തും കോളജിലെ ജൂനിയർ വിദ്യാർഥികളും തമ്മിൽ കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു.ഇതിന്റെ തുടർച്ചയാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.