കേരള കോൺഗ്രസ് ജേക്കബ് വിഭാഗം രണ്ടായി;ജോണി നെല്ലൂര്‍ ജോസഫിനൊപ്പം

കോട്ടയം: കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് വിഭാഗം രണ്ടായി പിളർന്നു. പാർട്ടി ലീഡർ അനൂപ് ജേക്കബ്ബ് എം എൽ എയുടെയും ചെയർമാൻ ജോണി നെല്ലൂരിന്റെയും നേതൃത്വത്തിൽ കോട്ടയത്ത് പ്രത്യേകം ചേർന്ന യോഗത്തിലാണ് പിളർപ്പ് പൂർത്തിയായത്.ഇതോടെ മാസങ്ങളായി പാർട്ടിയിൽ ഇരു നേതാക്കളും തമ്മിൽ നിലനിന്ന ഭിന്നതയ്ക്ക് അന്ത്യമായി. ജോണി നെല്ലൂർ വിഭാഗം

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ ലയിക്കും. അനൂപ് ജേക്കബ് വിഭാഗം ജേക്കബ് ഗ്രൂപ്പായി തുടരാനും തീരുമാനിച്ചു.

ജോണി നെല്ലൂർ വിഭാഗം വിളിച്ചുകൂട്ടിയ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഈ മാസം 29 ന് എറണാകുളത്ത് ലയന സമ്മേളനം നടത്താൻ

ജോണി നെല്ലൂരിനെ ചുമതലപ്പെടുത്തി. വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പ്രമേയം അവതരിപ്പിച്ചു.

ലയന സമ്മേളനം 29 ന് നടക്കുമെന്ന് പി.ജെ.ജോസഫ് നേരത്തേ വ്യക്തമാക്കിയിരുന്നു.

ടി.എം.ജേക്കബിന്റെ സംസ്കാരചടങ്ങുകൾക്ക് ശേഷം പള്ളിമുറ്റത്ത് വച്ച് പിറവം സീറ്റ് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടയാളാണ് അനൂപ് ജേക്കബ്.

ജേക്കബിന്റെ മരണശേഷം ആശുപത്രിയിൽ തന്നെ അധികാരസ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് അനൂപ് ജേക്കബ് മുതിർന്നത്. മന്ത്രിയായിരിക്കുന്ന കാലയളവിൽ ടി.എം.ജേക്കബിന്റെ സ്മാരകം പണിയുന്നതിന് വേണ്ടി യാതൊരു മുൻകൈയും അനൂപ് ജേക്കബ് എടുത്തില്ലെന്നും ജോണി നെല്ലൂർ ആരോപിച്ചു.

മാണിഗ്രൂപ്പിൽ നിന്ന് ജേക്കബ് ഗ്രൂപ്പിലേക്ക് സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് വന്ന വ്യക്തിയാണ് താനെന്നും അക്കാര്യമെല്ലാം മറന്നാണ് അനൂപ് ജേക്കബ് തന്നെ സമനിലതെറ്റിയവനെന്ന് വിളിച്ച് ആക്ഷേപിക്കുന്നതെന്നും ജോണി നെല്ലൂർ പറഞ്ഞു.

അതേ സമയം അനൂപ് ജേക്കബ് വിളിച്ച യോഗത്തിൽ ജോസഫുമായി ലയനം വേണ്ടെന്ന തീരുമാനമെടുത്തു. ഇപ്പോൾ മറ്റൊരു വിഭാഗത്തിൽ ലയിക്കേണ്ടതില്ലെന്നും വ്യക്തിത്വം നിലനിർത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പരമാവധി നേതാക്കളെ പങ്കെടുപ്പിച്ച് കരുത്ത് കാട്ടാനും അനൂപ് വിഭാഗം തീരുമാനിച്ചു.

ജോണി നെല്ലൂർ തനിക്കെതിരെ നുണപ്രചരണമാണ് നടത്തുന്നതെന്ന് അനൂപ് ജേക്കബ് ആരോപിച്ചു. ജോണി നെല്ലൂരിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ സംസ്കാരമാണ് പ്രകടമാക്കുന്നതെന്നും അനൂപ് പറഞ്ഞു.