പ്ര​ശാ​ന്ത് കിഷോറിന് സെഡ് കാറ്റഗറി സുരക്ഷ

കോൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ടീയ ഉപദേഷ്ടാവും രാഷ്ടീയതന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് സെഡ് കാറ്റഗറി സുരക്ഷ നൽകാൻ പശ്ചിമബംഗാൾ സർക്കാർ തീരുമാനിച്ചു. കിഷോറിനു സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.നിലവിൽ മമതയ്ക്കും, തൃണമുൽ നേതാവ് അഭിഷേക് ബാനർജിക്കുമാണ് ബംഗാളിൽ സെഡ് കാറ്റഗറി സുരക്ഷയുള്ളത്.

ഏപ്രിലിൽ നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ

പ്രശാന്ത് കിഷോറിനെയാണു മമത സംസ്ഥാനത്തു പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ബംഗാളിലെ ബിജെപിയുടെ വളർച്ചയിൽ മമതയെ ഏറെ അസ്വസ്ഥയാണ്. ഇതിനു തടയിടാനാണ് പ്രശാന്തിനെ പാർട്ടി രംഗത്തിറ ക്കിയിരിക്കുന്നത്.

ഡൽഹിയിലെ ആംആദ്മി പാർട്ടിയുടെ ഉജ്വല വിജയത്തിനു പിന്നിലും കിഷോറിന്‍റെ പ്രചാരണതന്ത്രങ്ങളുണ്ടായിരുന്നു. നരേന്ദ്ര മോദി മൂന്നാം തവണ ഗുജറാത്ത് മുഖ്യമന്ത്രിയായ 2011-ലെ തെരഞ്ഞെടുപ്പിലും മുഖ്യ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറായിരുന്നു. ഐക്യരാഷ്ടസഭയിൽ സേവനമനുഷ്ഠിച്ച ശേഷമാണ് പ്രശാന്ത് ഇന്ത്യൻ രാഷ്ടീയത്തിൽ തന്ത്രജ്ഞന്‍റെ റോളിൽ എത്തിയത്.

ജനതാദൾ-യുവിന്‍റെ പ്രമുഖ നേതാവു കൂടിയായിരുന്നു കിഷോർ. പൗരത്വനിയമഭേദഗതിയെ പിന്തുണയ്ക്കാനുള്ള പാർട്ടിയുടെ നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരേ പരസ്യമായി പ്രതികരിച്ചതിനെ തുടർന്നു ജെഡിയുവിൽനിന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.