കേജരിവാളിന്റെ സത്യപ്രതിജ്ഞ; വേദിയിൽ സാധാരണക്കാരും

ന്യൂഡൽഹി: നാളെ നടക്കുന്ന അരവിന്ദ് കേജരിവാൾ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സാധാരണക്കാരുടെ പ്രതിനിധികളായി 50 പേർ ‘വിശിഷ്ടാതിഥികളായി വേദി പങ്കിടും. രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. കേ ജരിവാളിനൊപ്പം ആറ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും.
അംഗനവാടി വർക്കർമാർ, ശുചീകരണ തൊഴിലാളികൾ, ബസ് മാർഷലുകൾ, പൊതുഗതാഗത സംവിധാനത്തിൽ പ്രവർത്തിക്കുന്നവർ, കർഷകർ, ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിലെ പ്രതിനവിധികൾ തുടങ്ങിയവരെയാണ് വിശിഷ്ടാതിഥികളായി ക്ഷണിച്ചിരിക്കുന്നത്.ഇവർ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കുമൊപ്പം വേദി പങ്കിടും.ഡെൽഹിയുടെ വികസനത്തിൽ സുപ്രധാന പങ്കുവഹിക്കുന്നവരായതിനാലാണിതെന്ന് മനീഷ് സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു.
അധ്യാപകർ, സിഗ്നേച്ചർ ബ്രിഡ്ജിന്റെ ആർക്കിടെക്ടുമാർ, ജോലിക്കിടെ മരണമടഞ്ഞ അഗ്നിശമന സേനാംഗങ്ങളുടെ കുടുംബാംഗങ്ങൾ, ബസ് ഡ്രൈവർമാർ, ഓട്ടോ ഡ്രൈവർമാർ, മെട്രോ ഡ്രൈവർമാർ, വിദ്യാർഥികൾ, മഹിളാ ക്ലിനിക്കുകളിലെ ഡോക്ടർമാർ, ബൈക്ക് ആംബുലൻസ് റൈഡർമാർ, എന്നിവരെയെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാനാണ് നീക്കം.
അതേ സമയം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അധ്യാപകർക്ക് സർക്കുലർ അയൂ നടപടിയെ വിമർശിച്ച ബിജെപിക്ക് എതിരേ ആം ആദ്മി പാർട്ടി വിശദീകരണം നൽകി. സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അധ്യാപകരെ ക്ഷണിച്ചതാണ്, നിർബന്ധമായും പങ്കെടുക്കണമെന്ന് ആജ്ഞാപിച്ചതല്ലെന്ന് എഎപി നേതാവ് ജാസ്മിൻ ഷാ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷമായി ഡൽഹിയിലുണ്ടായ പരിവർത്തനങ്ങളുടെ ശിൽപികളാണ് ഡൽഹിയിലെ അധ്യാപകരും പ്രിൻസിപ്പൽമാരും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രത്യേക ക്ഷണം അധ്യാപകർ അർഹിക്കുന്നുണ്ടെന്നും ജാസ്മിൻ ഷാ ട്വിറ്ററിലൂടെ പറഞ്ഞു.
സർക്കാർ സംവിധാനങ്ങളെ ഈ നടപടി എഎപി നേതൃത്വം പിൻവലിക്കണമെന്ന് ഡൽഹി മുൻ ബിജെപി അധ്യക്ഷൻ വിജേന്ദർ ഗുപ്ത ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് ജാസ്മിൻ ഷാ ഇക്കാര്യങ്ങൾ ട്വിറ്ററിലൂടെ വിശദീകരിച്ചത്.