തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് തെളിവുകൾ നശിപ്പിച്ച് അന്വേഷണം വഴിതിരിച്ച് വിടാൻ ശ്രമിച്ചത് വ്യക്തമാക്കി കുറ്റപത്രം. സ്വന്തം വീഴ്ചകൾ മറച്ചു വെയ്ക്കാൻ ഓരോ ഘട്ടത്തിലും ശ്രീറാം ശ്രമിച്ചത് കുറ്റപത്രത്തിൽ മറനീക്കി പുറത്തുവന്നിട്ടുണ്ട്.
അപകട സ്ഥലത്ത് പോലീസ് എത്തിയപ്പോൾ താനല്ല ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫാ ഫിറോസാണ് അർധരാത്രി വാഹനം ഓടിച്ചതെന്നായിരുന്നു ശ്രീറാം പറഞ്ഞത്.
ബഷീറിനെ ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെ ശ്രീറാമിനെ മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. തനിക്ക് പരിക്കേറ്റതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ശ്രീറാം പോലീസ് സ്റ്റേഷനിൽ വച്ച് ആവശ്യപ്പെട്ടു. ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശ്രീറാമിന്റെ രക്തം പരിശോധിക്കാൻ ഡോക്ടർ ശ്രമിച്ചെങ്കിലും ഇയാൾ അനുവദിച്ചില്ല. ശ്രീറാമിന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന ഡോക്ടറുടെ വെളിപ്പെടുത്തൽ കുറ്റപത്രത്തിലുണ്ട്. നിർബന്ധിച്ചിട്ടും രക്ത പരിശോധനയ്ക്ക് ശ്രീറാം സമ്മതിച്ചില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു.


ശ്രീറാമിന്റെ സുഹൃത്തായ ഒരു ഡോക്ടർ അവിടെ എത്തിച്ചേരുകയും മെഡിക്കൽ കോളേജിലേക്കെന്ന വ്യാജേന കിംസ് ആശുപത്രിയിലേക്ക് മുങ്ങുകയുമായിരുന്നു. പോലീസിന്റെ അറിവും സമ്മതവുമില്ലാതെ യായിരുന്നു ഈ നീക്കം. അപകടവുമായി ബന്ധപ്പെട്ട് തെറ്റായ വിവരമാണ് ശ്രീറാം കിംസിൽ നൽകിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.
കാർ മതിലിൽ ഇടിച്ച് തനിക്ക് പരിക്കേറ്റുവെന്നാണ് കിംസിലെ ഡോക്ടർമാരോട് ശ്രീറാം പറഞ്ഞത്. ഇവിടെയും ചികിത്സയുടെ ഭാഗമായി രക്തം എടുക്കുന്നതിന് ശ്രീറാം വിസമ്മതിച്ചിരുന്നു. ഇതിനെയെല്ലാം സാധൂകരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രിയിലെയും കിംസ് ആശുപത്രിയിലെയും സാക്ഷി മൊഴികളും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.
അപകടസമയത്ത് ശ്രീറാം തന്നെയാണ് വാഹനം ഓടിച്ചതെന്ന കാര്യം, ശാസ്ത്രീയമായ തെളുവുകളുടെയും ഡോക്ടർമാരുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ വ്യക്തമാണെന്ന് കുറ്റപത്രം പറയുന്നു. ഡ്രൈവർ സീറ്റിലിരിക്കുന്ന ഒരാൾക്കുണ്ടാകുന്ന പരിക്കാണ് ശ്രീറാമിനുണ്ടായതെന്ന കണ്ടെത്തൽ ഇയാൾ ആദ്യം പോലീസിന് നൽകിയ മൊഴി ഖണ്ഡിക്കുന്നതാണ്. നൂറുകിലോമീറ്ററിനു മുകളിൽ വേഗത്തിലാണ് കാർ ഓടിച്ചതെന്നും ആ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നെന്നും കുറ്റപത്രത്തിൽ വ്യക്തമാണ്. മദ്യപിച്ചിരുന്ന ശ്രീറാമിന് വാഹനം ഒാടിക്കാൻ അനുവദിച്ചു എന്നതാണ് വാഹന ഉടമയായ വഫാ ഫിറോസിനു മേൽ ചുമത്തിയിരിക്കുന്ന കുറ്റം.