ഒമര്‍ അബ്ദുള്ളയുടെ മോചനം നീളും;കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ മോചനം നീളും. പൊതുസുരക്ഷാ നിയമം ചുമത്തിയാണ് ഒമർ അബ്ദുള്ളയെ തടങ്കലിലാക്കിയിരിക്കുന്നത്.ഇതിനെതിരെ സാറാ പൈലറ്റ് നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ കേന്ദ്ര സർക്കാരിനും കശ്മീർ ഭരണകൂടത്തിനും സുപ്രീംകോടതി നോട്ടീസയച്ചെങ്കിലും ഹർജിയിൽ ഇനി മാർച്ച് രണ്ടിനേ വാദം കേൾക്കൂ. ഇതോടെ ഇവരുടെ മോചനം നീളുമെന്ന് ഉറപ്പായി. ജസ്റ്റിസുമാരായ അരുൺ മിശ്ര, ഇന്ദിരാ ബാനർജി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അബ്ദുള്ളയ്ക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സാറാ പൈലറ്റിന്റെ ഹർജിയിൽ കോടതിയിൽ ഹാജരായത്. ഹർജി മാർച്ച് രണ്ടിലേക്ക് നീട്ടിവെച്ചതിനെതിരെ കപിൽ സിബൽ എതിർവാദം ഉന്നയിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.
ഒരു സഹോദരിക്ക് ഇത്രയും കാലം കാത്തിരിക്കാമെങ്കിൽ പതിനഞ്ച് ദിവസം ഒരു മാറ്റവും വരുത്തില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ ഓഗസ്റ്റ് അഞ്ച് മുതലാണ് ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും അടക്കമുള്ള നേതാക്കളെ സര്‍ക്കാര്‍ തടവിലാക്കിയത്. കഴിഞ്ഞ ആഴ്ച ഇവർക്കെതിരേ പൊതുസുരക്ഷാ നിയമം ചുമത്തിയിരുന്നു. കുറ്റം ചുമത്താതെ തന്നെ ദീർഘകാലം തടവിലാക്കാൻ സാധിക്കുന്നതാണ് പൊതുസുരക്ഷാ നിയമം.
കഴിഞ്ഞ ദിവസം   ജസ്റ്റിസ് മോഹന്‍ എം ശന്തനഗൗഡര്‍ സാറയുടെ ഹർജിയിൽ വാദം കേള്‍ക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു.   തുടര്‍ന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് ഇന്ന് ഹര്‍ജിയില്‍ വാദം കേട്ടത്. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ ഭാര്യയാണ് സാറാ പൈലറ്റ്.