വെടിയുണ്ട കാണാതായ കേസില്‍ കടകംപള്ളിയുടെ ഗണ്‍മാനും പ്രതി

തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ വെടിയുണ്ടകൾ കാണാതായ കേസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാൻ സനിൽ കുമാർ മൂന്നാം പ്രതി.
എസ് എ പി ക്യാമ്പിലെ ഹവില്‍ദാറായിരുന്ന സനില്‍ കുമാറിനായിരുന്നു വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതല.
കുറ്റവാളിയെന്ന് തെളിയും വരെ സനിൽകുമാർ തന്റെ സ്റ്റാഫായി തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. സനിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടെന്ന് കരുതി കുറ്റക്കാരനാകില്ലെന്നും മന്ത്രി പറഞ്ഞു.
അതേ സമയം വെടിയുണ്ടകളുടെ വിവരങ്ങള്‍ സനില്‍ കുമാര്‍ അടക്കമുള്ള 11 പേരും രജിസ്റ്ററില്‍ രേഖ പ്പെടുത്തിയില്ലെന്നാണ് എഫ്‌ഐആര്‍ വ്യക്തമാക്കുന്നത്.അതീവ സുരക്ഷയോടെയും സൂക്ഷമതയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന എകെ 47 തോക്കുകളുടെ തിരകളിലടക്കം ജാഗ്രതകുറവ് ഉണ്ടായെന്നും കണ്ടെത്തി.രജിസ്റ്റർ സൂക്ഷിക്കുന്നതിലെ വീഴ്ച പരിശോധിച്ചാണ് പോലീസുകാരെ പ്രതികളാക്കിയിരിക്കുന്നത്. രജിസ്റ്ററിൽ സ്റ്റോക്ക് സംബന്ധിച്ച തെറ്റായ വിവരം പ്രതികൾ രേഖപ്പെടുത്തിയെന്നും വഞ്ചനയിലൂടെ പ്രതികൾ അമിതലാഭം ഉണ്ടാക്കിയെന്നും എഫ്.ഐ.ആർ പരാമർശിക്കുന്നു.
ജോലിയിലെ വീഴ്ച മൂലം സര്‍ക്കാറിന് നഷ്ടമുണ്ടായെന്നും ചില ഉദ്യോഗസ്ഥര്‍ രേഖകളില്‍ കൃത്രിമം കാണിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.
ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടും ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം നടന്നിട്ടില്ല.
1996 മുതല്‍ 2018 വരെയുള്ള കാലയളവില്‍ എസ്എപി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായെന്ന മുന്‍ കമാണ്ടന്‍റ് സേവ്യറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 2019 ഏപ്രില്‍ 3 നാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത്.