ന്യൂഡൽഹി: കോടതി ഉത്തരവ് സർക്കാർ ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നില്ലെങ്കിൽ കോടതി തന്നെ അടച്ച് പൂട്ടുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി ജഡ്ജി അരുൺ മിശ്ര.ടെലികോം കമ്പനികളുടെ 1.47 ലക്ഷം കോടി എ ജി ആർ കുടിശിക
പിരിക്കാനുള്ള കോടതി ഉത്തരവ് തടഞ്ഞ
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്.
കോടതി വിധി തടയാൻ ഒരു ഡസ്ക് ഓഫീസറിന് എന്ത് അധികാരമാണുള്ളതെന്ന് ജസ്റ്റിസ് അരുൺ മിശ്രയും ജസ്റ്റിസ് എം ആർ ഷാ യും അടങ്ങുന്ന ബെഞ്ച് ആരാഞ്ഞു. ഓഫീസറുടെ നടപടി ഞെട്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. അഴിമതി തുടച്ച് നീക്കാനുള്ള ശ്രമമാണ് തന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ജുഡീഷ്യൽ വ്യവസ്ഥയിൽ ബഹുമാനം ഇല്ലാത്തവർ ഈ രാജ്യത്ത് ജീവിക്കാതിരിക്കുന്നതാണ് നല്ലത് എന്നും ജസ്റ്റിസ് അരുൺ മിശ്ര ചൂണ്ടികാട്ടി.
കോടതി ഉത്തരവ് പ്രകാരം പിരിക്കേണ്ട പണം സർക്കാർ ഉദ്യോഗസ്ഥൻ പിരിക്കുന്നില്ല. ടെലികോം കമ്പനികൾ പണം നൽകുന്നുമില്ല. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്നും ജസ്റ്റിസ് അരുൺ മിശ്ര ആരാഞ്ഞു?.
സുപ്രീം കോടതി വിധിക്ക് എതിരെ സർക്കാർ ഉദ്യോഗസ്ഥൻ നിലപാട് സ്വീകരിക്കുകയാണെങ്കിൽ ഈ രാജ്യത്ത് ഇനി എന്ത് നിയമമാണ് അവശേഷിക്കുന്നതെന്നും ജസ്റ്റിസ് മിശ്ര ആരാഞ്ഞു.
എ ജി ആർ കുടിശിക അടയ്ക്കാത്ത എയർ ടെൽ, വോഡഫോൺ എന്നീ ടെലികോം കമ്പനികൾക്കും, കുടിശിക പിരിച്ച് എടുക്കുന്നതിൽ പിഴവ് വരുത്തിയ ഉദ്യോഗസ്ഥർക്കും എതിരെ കോടതി അലക്ഷ്യ നടപടി ആരംഭിച്ചു. പണമടച്ചില്ലെങ്കിൽ ടെലികോം കമ്പനികളുടെ സി എം ഡി മാരോടും, ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥരോടും 17 ന് നേരിട്ട് ഹാജർ ആകാൻ ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here