ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ ആം ആദ്മി പാർട്ടിയിലേക്ക് വൻ ഒഴുക്ക്. രാഷ്ട്ര നിർമാൺ പ്രചാരണത്തിലൂടെ 24 മണിക്കൂറിനുള്ളിൽ 11 ലക്ഷം പേർ പാർട്ടി അംഗത്വം സ്വീകരിച്ചതായി ആം ആദ്മി പാർട്ടി അറിയിച്ചു.

രാഷ്ട്ര നിർമാൺ എന്ന പ്രചാരണത്തിലൂടെ രാജ്യമെങ്ങും മിസ്ഡ് കോൾ വഴിയാണ് അംഗത്വം നൽകുന്നത്. സാമൂഹിക മാധ്യമങ്ങളിലടക്കം ആം ആദ്മി പാർട്ടി മൊബൈൽ നമ്പർ പ്രചരിപ്പിച്ചിരുന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെ ചൊവ്വാഴ്ചയാണ് നമ്പർ പുറത്തിറക്കിയത്. മൂന്നാം തവണയും ഡെൽഹിയിൽ മികച്ച വിജയം കൈവരിച്ചതാണ് പാർട്ടിയിലേക്ക് വൻ ഒഴുക്കിന് വഴിതെളിച്ചത്.