തിരുവനന്തപുരം: ഓർത്തഡോക്സ് – യാക്കോബായ

സെമിത്തേരി ബിൽ നിയമസഭ പാസാക്കി. കേരള ക്രിസ്ത്യൻ സെമിത്തേരി ബിൽ എന്ന പേരിലുള്ള ഇതിന്റെ പരിധിയിൽ ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങൾ മാത്രമേ ഉൾപ്പെടുകയുള്ളുവെന്ന് മന്ത്രി എ.കെ.ബാലൻ ബിൽ ചർച്ചയ്ക്കുള്ള മറുപടിപ്രസംഗത്തിൽ വ്യക്തമാക്കി.

ഇതര ക്രൈസ്തവ വിഭാഗങ്ങൾക്ക് ആശങ്കയുണ്ടാകാതിരിക്കാൻ ബില്ലിന്‍റെ ശീർഷകത്തിൽ 2020- ലെ കേരള ക്രിസ്ത്യൻ ( മലങ്കര ഓർത്തഡോക്സ്- യാക്കോബായ) സെമിത്തേരികളിൽ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശ ബിൽ എന്ന് മാറ്റം വരുത്തിയതായി മന്ത്രി വ്യക്തമാക്കി.

സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുന്നതാണ് ബിൽ എന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ ആശങ്കയിൽ അടിസ്ഥാനമില്ലെന്ന് മന്ത്രി വിശദീകരിച്ചു. 100 വർഷം പഴക്കമുള്ള കേസിലെ വിധിയിൽ മെത്രാപ്പോലീത്ത പരമാധികാരിയാണെന്നും പുരോഹിതരെ വാഴിക്കാനുള്ള അവകാശം അദ്ദേഹത്തിനാണെന്നും പറയുന്നു. ഇതിലൊന്നും സർക്കാർ ഇടപെടുന്നില്ല. എന്നാൽ മൃതദേഹം അടക്കം ചെയ്യുന്നതിനെക്കുറിച്ച് പറയാത്തതിനാലാണ് സർക്കാർ ബിൽ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധിക്കുശേഷം മുഖ്യമന്ത്രി, മന്ത്രിസഭാഉപസമിതി, കളക്ടർ, എസ്പി തലങ്ങളിലെ ചർച്ച പരാജയപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നമായി വിഷയം മാറിയപ്പോൾ ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ബിൽ കൊണ്ടുവന്നതെന്ന് പ്രതിപക്ഷത്തിന്‍റെ വിമർശനത്തിന് മന്ത്രി മറുപടി നൽകി. നിയമസഭ പാസാക്കിയ ബിൽ ഗവർണർ ഒപ്പുവയ്ക്കുന്നതോടെ നിയമമാകുമെന്നും അതുവരെ നിലവിലെ ബില്ലിന് നിലവിലെ പേര് തുടരുമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.

ബില്ലിൽ വ്യക്തത വരുത്തണമെന്നും തർക്കമില്ലാത്ത ക്രൈസ്തവ വിശ്വാസികൾക്ക് പ്രത്യേകിച്ച് കത്തോലിക്കാ സഭയ്ക്ക് ഇത്തരമൊരു ബിൽ ആവശ്യമില്ലെന്നും കാണിച്ച്

കെസിബിസി പ്രസിഡന്‍റും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിക്കും തനിക്കും ഈ വിഷയത്തിൽ കത്ത് നൽകിയിരുന്നുവെന്ന് മന്ത്രി ബാലൻ പറഞ്ഞു. ബില്ലിനെ സംബന്ധിച്ച് നല്ല വിശ്വാസത്തിലാണു കത്ത് നൽകിയത്. ഇപ്പോൾ പ്രശ്നമില്ലാത്ത സഭകളിൽകൂടി കരട് ബിൽ പ്രശ്നമുണ്ടാക്കുമെന്നും നിയമത്തിൽ വ്യക്തത വേണമെന്നും കത്തിൽ മാർ ആലഞ്ചേരി ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here