അമിത് ഷാ – മോദി കൂട്ടുകെട്ടിന് തിരിച്ചടി; 240 എംപിമാരുടെ പ്രചാരണം പാഴായി

ന്യൂഡെൽഹി: കെട്ടിച്ചമച്ച അമിത് ഷാ എന്ന തൊങ്ങണത്തിന്റെ മുഖംമൂടി അഴിഞ്ഞു വീഴുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി , ആഭ്യന്തര മന്ത്രി അമിത് ഷാ കൂട്ടുകെട്ടിന്റെ ഏറ്റവും ദയനീയ പരാജയത്തിന്റെ ചിത്രമാണ് മറനീക്കി ഡൽഹിയിൽ പുറത്ത് വന്നിരിക്കുന്നത്.
വൻഭൂരിപക്ഷത്തോടെ കേന്ദ്രത്തിൽ തുടർച്ചയായി രണ്ട് തവണ അധികാരത്തിലെത്തിയിട്ടും ഇന്ത്യയുടെ ചെറു പതിപ്പായ
രാജ്യതലസ്ഥാനം ബിജെപിക്ക് വഴങ്ങിയില്ല. ഡൽഹി പിടിക്കാൻ അരയും തലയും മറുക്കിയാണ് ബിജെപി ഇത്തവണ ഇറങ്ങിയത്.ജെ പി നഡയെ അഖിലേന്ത്യാ അധ്യക്ഷനായി ബിജെപി തെരഞ്ഞെടുത്തിരുന്നെങ്കിലും അമിത്ഷായാണ് പ്രചാരണത്തിന് നേതൃത്വം കൊടുത്തത്. സംസ്ഥാന നേതൃത്വത്തിൽ നിന്ന് പൂർണ്ണമായും അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുക്കുകയായിരുന്നു.ജെ.പി നഡ്ഡ സംഘടനാ സംവിധാനത്തിന്റെ പിന്തുണ നൽകി പിന്നിൽ നിന്നു.പൗരത്വ നിയമഭേദഗതി വിശദീകരണമെന്ന പേരിൽ വീടുകൾ കയറിയുള്ള പ്രചാരണങ്ങൾക്കും അമിത് ഷാ തന്നെ നേതൃത്വം നൽകി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും 240 എംപിമാരേയും കേന്ദ്ര മന്ത്രിമാരേയും രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കമുള്ള മുഖ്യമന്ത്രിമാരേയും ഡൽഹിയിലിറക്കി. കേന്ദ്ര ഭരണത്തിന്റെ പൂർണ പിന്തുണയോടെ സമീപകാല ഇന്ത്യ കണ്ടിട്ടില്ലാത്ത പ്രചാരണ കൊടുങ്കാറ്റാണ് ബിജെപി അഴിച്ചുവിട്ടത്.

എന്നാൽ ബിജെപിയുടെ ചതിക്കുഴികളിൽ വീഴാതെ തന്ത്രപരമായ നിലപാടെടുത്ത കേജരിവാളിന് കളങ്കമേൽപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല. അന്യ സംസ്ഥാനങ്ങളിൽ നിന്ന് പ്രചാരണത്തിന് ബിജെപി പ്രവർത്തകരെ ഡൽഹിയിൽ എത്തിച്ച് സമ്മേളനങ്ങളിൽ ആളെ കൂട്ടി കൊഴുപ്പേകിയിരുന്നു. വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രവർത്തനങ്ങളിലും ഇവർ സജീവമായിരുന്നു.

കേജരിവാൾ സർക്കാരിന്റെ വികസന നേട്ടങ്ങളുടെ തിളക്കം കെടുത്താൻ ബിജെപിയുടെ വിഭാഗീയ അജണ്ടയ്ക്ക് ഒരു ഘട്ടത്തിലും കഴിഞ്ഞില്ല. ഇത് മുൻകൂട്ടി തന്നെ ബിജെപി തിരിച്ചറിഞ്ഞാണ് കേജരിവാളിനെ തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിച്ച് പ്രചാരണത്തിറങ്ങാൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കറെയടക്കം പ്രേരിപ്പിച്ചത്. ഡൽഹിയിലെ പ്രാദേശിക നേതാക്കളും ഇത് ഏറ്റു പിടിച്ചു. എന്നാൽ അടിക്കാൻ ശ്രമിച്ച വടികൊണ്ട് തിരിച്ച് അടി കിട്ടുന്നതു പോലെയായി ബിജെപിക്ക് ഇത്.

ഷഹീൻബാഗിലെ പ്രതിഷേധമായിരുന്നു ബി.ജെ.പി.യെ പ്രതിരോധത്തിലാക്കിയ മറ്റൊരു ഘടകം. ഡൽഹി വികസനം മാറ്റി നിർത്തി ഹിന്ദുത്വ ഏകീകരണം ലക്ഷ്യമിട്ട് രണ്ടാംഘട്ടത്തിൽ അമിത് ഷാ പ്രചാരണത്തിന് ചുക്കാൻ പിടിച്ചപ്പോൾ അദ്ദേഹത്തെ ന്യായീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒപ്പം കൂടി.

ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണത്തിലൂടെ ന്യൂനപക്ഷ വോട്ട് ബാങ്കുകളെ മറികടക്കാമെന്ന കണക്കുകൂട്ടലായിരുന്നു ബി.ജെ.പി.യുടേത്. വർഗീയ പരാമർശങ്ങൾ നടത്താൻ കേന്ദ്ര മന്ത്രിമാരും സംസ്ഥാന നേതാക്കളും മത്സരിച്ചപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പല തവണ നടപടിയെടുക്കുകയും ചെയ്തു. എല്ലാം നേട്ടമാകുമെന്ന തന്ത്രശാലിയായ അമിത് ഷായുടെ തന്ത്രങ്ങൾ തകർന്നടിയുന്ന ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഫലം.

ബിജെപിയുടെ തന്ത്രങ്ങളിൽ കേജരിവാൾ കൊത്തിയില്ലെന്നു മാതമല്ല പലപ്പോഴും അവർ ഉന്നയിച്ച വിഷയങ്ങൾ പാടേ തള്ളികളയുകയും ചെയ്തു. ഭരണ സുതാര്യത,വികസന പദ്ധതികൾ, സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾ, കേജരിവാളിന്റെ ലാളിത്യവും കാര്യക്ഷമതയും ഇവയാണ് ആപ് ഉയർത്തിയ വിഷയങ്ങൾ. പൗരത്വഭേദഗതി നിയമത്തെ എതിർക്കുമ്പോഴും വഴിവിട്ട് പിന്തുണക്കാതെ വ്യാപക എതിർപ്പ് ക്ഷണിച്ചു വരുത്താതെ ന്യൂനപക്ഷങ്ങൾക്കിടയിൽ വിശ്വാസ്യത വളർത്താനും ആം ആദ്മിക്ക് കഴിഞ്ഞു. പൗരത്വ വിഷയത്തിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ ഡൽഹിയിൽ ബിജെപിക്കൊപ്പം മത്സരിക്കാതെ മാറി നിന്നതും ആപിന് നേട്ടമായി.
ചുരുക്കത്തിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം കൊണ്ട് അരവിന്ദ് കേജരിവാൾ എന്ന മുൻ ബ്യൂറോക്രാറ്റ് തന്ത്രശാലിയായ പ്രായോഗിക രാഷ്ട്രീയക്കാരനായതിന്റെ നേർക്കാഴ്ചയാണ് ഡൽഹിയിൽ തെളിഞ്ഞത്.