തായ്‍ലാൻഡ് വെടിവയ്പ്: മരണം 27 അക്രമിയെ വെടിവെച്ചുകൊന്നു

ബാങ്കോക്ക്:തായ്ലാൻഡിൽ 27 പേരെ കൂട്ടക്കൊല ചെയ്ത് രാജ്യത്തെ ഞെട്ടിച്ച സൈനികനെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. 17 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് അക്രമം കാട്ടിയ ജൂനിയർ സൈനിക ഓഫീസർ ജക്രഫന്ത് തോമ്മ (32)യെ വെടിവച്ചു കൊന്നത്.
വ്യക്തിപരമായ വിഷയങ്ങളാണ് തോമ്മയെ അക്രമത്തിനു പ്രേരിപ്പിച്ചതെന്ന് തായ് പ്രധാനമന്ത്രി പ്രയുത് ചനോച്ച പറഞ്ഞു. പതിമ്മൂന്നുകാരനും രണ്ട് സൈനികരും കൊല്ലപ്പെട്ടവരിൽപ്പെടുന്നു. അമ്പതിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. തായ്ലാൻഡിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവമെന്നതിനാൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ചനോച്ച പറഞ്ഞു.
ശനിയാഴ്ച തായ് പ്രാദേശികസമയം വൈകീട്ട് മൂന്നരയോടെയാണ് വടക്കുകിഴക്കൻ നഗരമായ നഖോൻ രാച്ചാസിമയിലെ സുവാതം ഫിതാക്ക് സൈനികക്യാമ്പിൽ കമാൻഡിങ് ഓഫീസറായ ആനന്ദറോട്ട് ക്രാസെയും അദ്ദേഹത്തിന്റെ അമ്മായിയമ്മയെയും വെടിവച്ചു കൊന്ന് ഭീതി വിതച്ചത്. സൈനികക്യാമ്പിൽ നിന്ന് മോഷ്ടിച്ച തോക്കും ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. ഇവിടുത്തെ വാഹനം മോഷ്ടിച്ച് ഇയാൾ പിന്നീട് നഗരത്തിലെ തെരുവുകളിലും ടെർമിനൽ 21 ഷോപ്പിങ് മാളിലും വെടിവെപ്പുനടത്തി. ഇവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കി. ആക്രമണം സാമൂഹികമാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യുകയുംചെയ്തു.
ഷോപ്പിങ് മാളിൽ അക്രമമഴിച്ചുവിട്ട തോമ്മയുടെ നീക്കങ്ങൾ മനസ്സിലാക്കിയത് മാളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ നിരീക്ഷിച്ചാണെന്ന് രക്ഷപ്പെട്ടവർ പറയുന്നു. മാളിലെ ജീവനക്കാരനായ ഒരാൾ സി.സി.ടി.വി. കൺട്രോൾ റൂമിലെ ദൃശ്യങ്ങൾ നിരീക്ഷിച്ച് ശൗചാലയത്തിലടക്കം മറഞ്ഞിരുന്നവർക്ക് സന്ദേശം കൈമാറുകയായിരുന്നു.
അക്രമിയെ അനുനയിപ്പിക്കാൻ ഇയാളുടെ അമ്മയെയും പോലീസ് കൊണ്ടുവന്നെങ്കിലും ഇവർക്ക് മാളിനുള്ളിലേക്ക് കടക്കാനായില്ല.