തിരുവനന്തപുരം – കാസർകോഡ്  സില്‍വര്‍ ലൈന്‍ റെയിൽ പാത ഉടൻ

തിരുവനന്തപുരം: തിരുവനന്തപുരം – കാസർകോഡ് സില്‍വര്‍ ലൈന്‍ റെയില്‍ പാത ഏതാനും വർഷത്തിനകം യാഥാർഥ്യമാകുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. തലസ്ഥാനത്തു നിന്ന് കാസർകോട്ടേക്ക് യാത്രാ സമയം വെറും നാലു മണിക്കൂറായി കുറയ്ക്കുന്ന സ്വപ്ന റെയിൽ പദ്ധതിയാണിത്. ആകാശ സര്‍വെ പൂര്‍ത്തിയായ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
കേരളത്തിലെ ഏറ്റവും ചെലവേറിയ പദ്ധതിയാണിത്. സമാന്തരപാതയും അഞ്ച് ടൗണ്‍ഷിപ്പുകളും അടങ്ങിയ ബൃഹത് പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
പല അന്താരാഷ്ട്ര ഏജന്‍സികളും പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.  
ഈ വർഷം ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. ഇത് കഴിഞ്ഞാൽ മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. നാല് മണിക്കൂര്‍ കൊണ്ട് 1457 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്താം.റെയിൽവേയും കേരളവും ചേർന്ന് രൂപികരിച്ച കേരള റെയിൽ ഡെവലപ്മെൻറ് കോർപ്പറേഷനാണ് (കെ റെയിൽ) 532 കിലോമീറ്റർ റെയിൽപാത നിർമിക്കുക. തിരുവനന്തപുരത്ത് കൊച്ചുവേളിയിൽ നിന്നാണ് നിർദിഷ്ട പാത തുടങ്ങുന്നത്. ത്യശൂർ വരെ നിലവിലുള്ള പാതയിൽ നിന്ന് മാറിയാണ് പുതിയറെയിൽ ഇടനാഴി. ഓരോ അഞ്ഞൂറ് മീറ്ററിലും ക്രോസിംഗ് സൗകര്യത്തോടെയുള്ള പദ്ധതിയാണ് നടപ്പാക്കുക.
2025ആകുമ്പോഴേക്കും  67740 ദിവസയാത്രക്കാരും 2051 ല്‍ 1.47 പ്രതിദിനയാത്രക്കാരും ഉണ്ടാവുമെന്നാണ് കണക്ക് കൂട്ടല്‍ . പത്ത് പ്രധാനസ്റ്റേഷനുകള്‍ കൂടാതെ 28 ഫീഡര്‍ സ്റ്റേഷനുകളിലേക്കും ഹ്രസ്വദൂരയാത്രകള്‍ ഉണ്ടാവും. രാത്രിസമയങ്ങളില്‍ ചരക്കുനീക്കത്തിനും റോറോ സംവിധാനത്തിനും ആയി പാത മാറ്റിവയ്ക്കും. ടിക്കറ്റ് ചാര്‍ജിന്റെ മൂന്നിലൊന്ന് ടിക്കറ്റിതര വരുമാനം കൂടി പദ്ധതി വഴി  പ്രതീക്ഷിക്കുന്നുണ്ട്.
ജൈക്ക അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും വളരെ ചെറിയ പലിശയില്‍ 40-50 വര്‍ഷത്തേക്കായി വായ്പ എടുക്കും. കേരളത്തിലെ ഗതാഗതത്തിന്റെ 97 ശതമാനവും റോഡ് വഴിയാണ് ജലപാത-റെയില്‍വേ വികസനത്തിലൂടെ ഇതിനു മാറ്റം വരുത്തുമെന്നും ധനമന്ത്രി പറഞ്ഞു,