കേജരിവാളിനെ ഭീകരനെന്ന് വിളിച്ച എംപിക്ക് പ്രചാരണ വിലക്ക്

ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഭീകരനെന്ന് വിളിച്ച ബിജെപി എംപി പർവേഷ് വർമ്മയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വിലക്ക്. 24 മണിക്കൂർ പ്രചാരണ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നതെങ്കിലും അദ്ദേഹത്തിന് ഇനി പ്രചാരണത്തിന് ഇറങ്ങാനാവില്ല.
വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിന്റെ പേരിൽ വർമ്മയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞയാഴ്ച 96 മണിക്കൂർ വിലക്കേർപ്പെടുത്തിയിരുന്നു.

വർമ്മയുടെ പരാമർശം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ പറയുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ പ്രതിഷേധിക്കുന്നവരുടെ വീടുകളിൽ കടന്നുകയറി അവരുടെ സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യുമെന്ന പ്രസംഗത്തിന്റെ പേരിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം വർമ്മയ്ക്കെതിരെ പ്രചാരണ വിലക്കേർപ്പെടുത്തിയത്.
വിലക്ക് ന്യായീകരിക്കാൻ കഴിയുമോ എന്ന് ഡൽഹിയിലെ ജനങ്ങൾ ഫെബ്രുവരി എട്ടിന് തീരുമാനിക്കുമെന്നും വർമ പറഞ്ഞു.
പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കുന്ന ഷഹീൻബാഗ് പ്രക്ഷോഭകർക്കൊപ്പം ഡൽഹി മുഖ്യമന്ത്രി നിലയുറപ്പിച്ചാൽ താൻ അദ്ദേഹത്തെ ഭീകരനെന്ന് വിളിക്കും. ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തെ ഡൽഹി മുഖ്യമന്ത്രി സംശയിച്ചാൽ അതിന്റെ പേരിലും അദ്ദേഹത്തെ ഭീകരനെന്ന് വിളിക്കുമെന്ന് വർമ്മ പറഞ്ഞു.

വിവാദ പ്രസംഗത്തിന്റെ പേരിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനും നേരത്തേ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു.