ചാമരാജനഗർ: കുപ്രസിദ്ധ കാട്ടുകൊള്ളക്കാരനായിരുന്ന വീരപ്പന്റെ അടുത്ത അനുയായി സ്റ്റെല്ല മേരി പോലീസിന്റെ പിടിയിലായി. കർണാടകത്തിലെ ചാമരാജനഗറിലെ കൊല്ല ഗലിൽ നിന്നാണ് സ്റ്റെല്ല മേരി പിടിയിലായത്.
കഴിഞ്ഞ 27 വർഷമായി പോലീസ് ഇവരെ തെരയുകയായിരുന്നു.യഥാർഥ പേരും വിവരങ്ങളുമെല്ലാം മറച്ചുവെച്ച് ഇവർ വിവിധയിടങ്ങളിൽ താമസിച്ചുവരികയായിരുന്നു. വീരപ്പൻ കൊല്ലപ്പെട്ട ശേഷം സ്റ്റെല്ലയ്ക്കായി അന്വേഷണം ഊർജിതമാക്കിയിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതിനിടെയാണ് കൊല്ലഗലിൽനിന്ന് സ്റ്റെല്ലയെ പോലീസ് പിടികൂടുന്നതെന്ന് ചാമരാജനഗർ എസ്.പി. എച്ച്.ഡി. അനന്തകുമാർ അറിയിച്ചു.
തോക്കുകൾ ഉപയോഗിക്കുന്നതിലും വെടിയുതിർക്കുന്നതിലും വിദഗ്ധയാണ് ഇവർ. വീരപ്പനൊപ്പം കഴിയുന്നതിനിടെ ഇവർക്ക് വിദഗ്ധ പരിശീലനവും ലഭിച്ചിരുന്നു.
കരിമ്പിൻ തോട്ടത്തിൽ നിന്ന് ആനകളെ ഓടിക്കാൻ വെടിയുതിർത്തതിനെ തുടർന്ന് തീപിടുത്തം ഉണ്ടായതുമായി ബന്ധപ്പെട്ട കേസിലാണ് ആദ്യം ഇവർ അറസ്റ്റിലായത്. തോക്ക് പ്രവർത്തിപ്പിക്കാൻ എങ്ങനെ അറിയാമെന്ന് ചോദിച്ചപ്പോൾ വീരപ്പനുമായും സംഘവുമായും തനിക്കുളള ബന്ധത്തെ കുറിച്ച് ഇവർ വെളിപ്പെടുത്തിയത്രേ.
ആദ്യഭർത്താവ് വെള്ളായൻ അസുഖം ബാധിച്ചു മരിച്ചതിനെ തുടർന്നു വേലുസ്വാമി എന്നയാളെ വിവാഹം കഴിച്ച് കൊല്ലേഗലിലെ ജാഗേരിയിൽ ആറേക്കർ ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്തു ജീവിക്കുകയായിരുന്നു സ്റ്റെല്ല മേരി. കോടതിയിൽ ഹാജരാക്കിയ സ്റ്റെല്ലയെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
1993-ൽ പതിമൂന്നാമത്തെ വയസിലാണു സ്റ്റെല്ല വീരപ്പൽ സംഘത്തിൽ ചേർന്നത്. 2003 ഓഗസ്റ്റിൽ വനം പട്രോളിംഗിനിടെ പോലീസ് സംഘത്തെ ആക്രമിച്ച കേസിലും രാമപുര പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലും പാലാർ ബോംബ് സ്ഫോടന കേസിലും സ്റ്റെല്ല പ്രതിയാണ്. ഭീകരവാദപ്രവർത്തനങ്ങൾ തടയുന്നതിനുളള ടാഡ നിയമപ്രകാരം കേസെടുത്തതിനു പിന്നാലെയാണു സ്റ്റെല്ല ഒളിവിൽ പോയത്.