ജാതീയ അധിക്ഷേപത്തില്‍ മനം നൊന്ത് രാജി

കോഴിക്കോട്: പഞ്ചായത്തിലെ സഹപ്രവർത്തക ജാതീയമായി അധിക്ഷേപിച്ചതിൽ മനംനൊന്ത് ഗ്രാമപഞ്ചായത്തംഗം രാജിവെച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്തംഗം സിപിഎമ്മുകാരനായ കെ.എസ് അരുൺ കുമാർ ആണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്.

പഞ്ചായത്തിലെ ജനതാദൾ അംഗം ജാതീയമായി അധിക്ഷേപിച്ചിട്ടും പാർട്ടി നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണത്രേ അരുൺകുമാറിന്റെ രാജി തീരുമാനം.

മാനസികമായി ഉൾക്കൊള്ളാൻ പറ്റാത്തതുകൊണ്ടാണ് രാജിയെന്ന് അരുൺ ഫേയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ജാതീയമായി അധിക്ഷേപിച്ച കാര്യത്തിൽ സ്വന്തം പാർട്ടി നേതാവ് തള്ളിപ്പറഞ്ഞതായും അദ്ദേഹം പറയുന്നു.
ഫേയ്സ്ബുക്കിൽ അരുൺകുമാർ കുറിക്കുന്നു.

‘വോട്ടർമാർ ക്ഷമിക്കണം. മാനസികമായി ഉൾക്കൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടാണ്… സഹ മെമ്പർ ജാതിപരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാർട്ടിയുടെ നേതാവ് മേൽവിഷയത്തിൽ തള്ളി പറഞ്ഞതിന്റെയും ഭാഗമായി ഞാൻ മെമ്പർ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. മാനസികമായി ഉൾക്കൊണ്ട് പോകാൻ കഴിയാത്തതു കൊണ്ടാണ്. ദയവു ചെയ്തു ക്ഷമിക്കണം. ഈ ലോകത്ത് ഞാൻ ജനിക്കാൻ പോലും പാടില്ലായിരുന്നു.’

രാജി തീരുമാനം തന്റേതു മാത്രമാണെന്നും ഒരു പാർട്ടിയിലും അംഗമാകാനോ പ്രവർത്തിക്കാനോ ഇല്ലെന്നും അരുൺ പറയുന്നു.പൊതുപ്രവർത്തനത്തിൽ നിന്നാണ് ഞാൻ ആത്മഹത്യ ചെയ്യുന്നത്. എന്നെ ജീവിക്കാൻ വിടണം – അരുൺകുമാർ വേദനയോടെ കുറിക്കുന്നു.
പഞ്ചായത്തിന്റെ ആനുകൂല്യങ്ങളും വിവിധ പദ്ധതികളും ട്രോളുകളിലൂടെ സാമൂഹ മാധ്യമങ്ങളിൽ അവതരിപ്പിച്ച് അരുൺ കുമാർ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.