കേജരിവാളിനെ കടന്നാക്രമിച്ച് മോദിയും ജാവേദ്ക്കറും

ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കറും.
കെജരിവാൾ വീണ്ടും അധികാരത്തിലെത്തിയാൽ ഡെൽഹിയിൽ അരാജകത്വം വ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മോദി.ബിജെപി അധികാരത്തിലെത്തിയാൽ കോളനികളുടെ വികസനത്തിന് നടപടി സ്വീകരിക്കും. ഇവിടം അരാജകത്വത്തിന്റെ ഇടമാക്കാൻ അനുവദിക്കില്ലെന്ന് മോദി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിലും ജാമിയ നഗറിലും നടക്കുന്ന പ്രക്ഷോഭങ്ങൾ യദൃശ്ചികമല്ല. അതൊരു പദ്ധതിയുടെ ഭാഗമാണ്. അക്രമത്തെ അപലപിച്ച കോടതിയുടെ വാക്കുകൾ കേൾക്കാൻ അവർ തയ്യാറല്ല. എന്നിട്ട് അവർ ഭരണഘടനയെക്കുറിച്ച് സംസാരിക്കുകയാന്നെന്ന് മോദി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഭീകരവാദിയാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കർ. അക്കാര്യത്തിൽ ആവശ്യത്തിലധികം തെളിവുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി നിഷ്കളങ്ക മുഖവുമായി ജനങ്ങളോട് ചോദിക്കുന്നു താൻ ഭീകരവാദി ആണോ എന്ന്. അതെ എന്നാണ് ഉത്തരം. അദ്ദേഹം ഭീകരവാദിയാണ്. താനൊരു അരാജക വാദിയാണെന്ന് കേജരിവാൾ മുമ്പ് പറഞ്ഞിട്ടുണ്ട്. ഭീകരവാദിയും അരാജക വാദിയും തമ്മിൽ കാര്യമായ വ്യത്യാസങ്ങളില്ല’ – ജാവദേക്കർ പറഞ്ഞു.

വിവാദ പരാമർശത്തിനെതിരേ രൂക്ഷ വിമർശവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. കേജരിവാൾ ഭീകരവാദി ആണെങ്കിൽ അദ്ദേഹത്തെ അറസ്റ്റുചെയ്യാൻ എഎപി എംപി സഞ്ജയ് സിങ് ബിജെപിയെ വെല്ലുവിളിച്ചു. ഇത്തരത്തിലുള്ള പ്രയോഗം നടത്തുന്ന ബിജെപി എംപിക്കെതിരെ നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു കേന്ദ്രമന്ത്രിക്ക് ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കാൻ ആരാണ് അനുമതി നൽകിയതെന്നും സഞ്ജയ് സിങ് ചോദിച്ചു.