കൊറോണയ്ക്ക് പിറകെ ചൈനയില്‍ പക്ഷിപ്പനിയും

ബെയ്ജിങ് : കൊറോണ വൈറസിന്റെ ഭീതിയിൽ കഴിയുന്ന ചൈനയിൽ പക്ഷിപ്പനിയും പടർന്നുപിടിക്കുന്നു.

ഹുനാൻ പ്രവിശ്യയിലാണ് അതിവേഗം പടർന്നു പിടിക്കുന്ന എച്ച് 5 എൻ 1 പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് മനുഷ്യരിലേക്ക് പടർന്നിട്ടില്ല. കൊറോണ വൈറസിന്റെ പശ്ചാതലത്തിൽ കനത്ത ജാഗ്രതയാണ് എങ്ങും.

ഷുവാങ്കിംഗ് ജില്ലയിലെ ഷായാങ് നഗരത്തിലുള്ള ഒരു ഫാമിലാണ് പക്ഷിപ്പനി പടർന്നുപിടിച്ച തെന്ന് കൃഷി ഗ്രാമ വികസന മന്ത്രാലയം അറിയിച്ചു. ഈ ഫാമിൽ 7850 കോഴികളിൽ 4500 എണ്ണം രോഗം ബാധിച്ച് ചത്തു.

പക്ഷിപ്പനി അതിവേഗം പടരുന്നത് കണക്കിലെടുത്ത് പ്രവിശ്യയിലുള്ള 17,828 ഫാമുകളിലുള്ള കോഴികളെ കൊന്നൊടുക്കിയെന്നും മന്ത്രാലയം അറിയിച്ചു.

അതേ സമയം മുന്നൂറിലേറെ പേരാണ് ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്ന് ആറ് മണിക്കൂർ യാത്ര ചെയ്താൽ ഷായാങിലെത്തും.