വുഹാനില്‍ നിന്ന് ഇന്ത്യക്കാരുമായി വിമാനമെത്തി; 42 മലയാളികളും

ന്യൂഡെൽഹി: ചൈനയിലെ വുഹാനിൽ നിന്നും ഇന്ത്യാക്കാരേയും കൊണ്ടുള്ള എയർ ഇന്ത്യാ വിമാനം ഡൽഹിയിൽ തിരിച്ചെത്തി. ആകെയുണ്ടായിരുന്ന 324 പേരിൽ 42 പേർ മലയാളികളാണ്.

234 പുരുഷന്മാരും 30 സ്ത്രീകളുമടങ്ങുന്ന സംഘം ഇന്ന് രാവിലെ 7.30നാണ് ഡൽഹിയിലെത്തിയത്. 211 വിദ്യാർഥികളും മൂന്ന്’ കുട്ടികളും എട്ട് കുടുംബാംഗങ്ങളും ഉൾപ്പെട്ടവരാണ് മടങ്ങിയെത്തിയത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഈ അടിയന്തിര നടപടി.
ഡൽഹി റാംമനോഹർ ലോഹ്യ ആശുപത്രിയിലെ അഞ്ചുഡോക്ടർമാരും എയർ ഇന്ത്യയുടെ പാരാമെഡിക്കൽ സ്റ്റാഫുമായിഡൽഹിയിൽനിന്ന് ഇന്നലെ ഉച്ചയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനം വൈകിട്ടോടെ വുഹാനിലെത്തി. രാത്രി പതിനൊന്നോടെ ബോർഡിംഗ് പൂർത്തിയാക്കി യാത്ര തിരിക്കുകയായിരുന്നു.

ആന്ധ്രപ്രദേശിൽ നിന്നുള്ള 56 പേരും തമിഴ്നാട്ടിൽ നിന്നുള്ള 53 പേരും സംഘത്തിലുണ്ട്.

വൈറസ് ബാധയില്ലെന്ന് ചൈനീസ് അധികൃതർ പരിശോധിച്ചുറപ്പാക്കിയവരെയാണ് തിരികെ കൊണ്ടുവന്നതെങ്കിലും രണ്ടാഴ്ച ഇവർ നിരീക്ഷണത്തിലായിരിക്കും. ഹരിയാനയിലെ മനേസറിനടുത്ത് കരസേന സൗകര്യമൊരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെ പ്രാഥമീക പരിശോധനകൾക്ക് ശേഷം പ്രത്യേക വാഹനത്തിൽ ഇവരെ മനേസറിലേക്ക് കൊണ്ടുപോയി. 50 പേർക്കുവീതം കഴിയാവുന്ന ബാരക്കുകളിലായിരിക്കും താമസം. ഇവിടെ ഡോക്ടർമാരുടെയും മെഡിക്കൽ ജീവനക്കാരുടെയും സേവനവും ലഭ്യമാണ്.

ആർക്കെങ്കിലും വൈറസ്ബാധ സ്ഥിരീകരിച്ചാൽ ഡൽഹി കന്റോൺമെന്റ് ബെയ്സ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും.