ബ്ലാസ്റ്റേഴ്‌സിന് നാണംകെട്ട തോൽവി

കൊച്ചി: സ്വന്തം മൈതാനത്ത് ചെന്നൈയിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്ത്.

ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഗോൾമഴയിൽ ബ്ലാസ്റ്റേഴ്സിനെ നിഷ്പ്രഭരാക്കിയ ചെന്നൈയിൻ എഫ്.സി മൂന്നിനെതിരേ ആറു ഗോളുകൾക്കാണ് ജയം ഉറപ്പിച്ചത്.
കേരളത്തിന് ആശ്വസിക്കാൻ ക്യാപ്റ്റൻ ഓഗ്ബെച്ചെയുടെ ഹാട്രിക്ക് മാത്രം.

റാഫേൽ ക്രിവെല്ലാരോ, നെരിയൂസ് വാൽസ്കിസ്, ലാലിയൻസുവാല ചാങ്തെ എന്നിവർ ചെന്നൈയിനായി ഇരട്ട ഗോളുമായി തിളങ്ങി.
ആദ്യ പകുതിയിൽ കേരളം ആധിപത്യം പുലർത്തി. ആദ്യ പകുതിയുടെ അവസാന ആറു മിനിറ്റിൽ ചെന്നൈയിൻ ബ്ബാസ് റ്റേഴ്സിനെ ഞെട്ടിച്ചു. ആറു മിനിറ്റിനിടെ മൂന്നു ഗോളുകൾ വർഷിച്ചായിരുന്നു ചെന്നൈയിൻ ബ്ലാസ്റ്റേഴ്സിന്റെ ആത്മവീര്യം തകർത്തത്.

39-ാം മിനിറ്റിൽ മൈനസ് ലഭിച്ച പന്ത് ക്ലിയർ ചെയ്യാതെ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ രഹനേഷ് നൽകിയ അലസമായ പാസ് എത്തിപ്പിടിച്ച ക്രിവെല്ലാരോ പന്ത് അനായാസമായി വലയിലെത്തിച്ചു.
ഇതിന്റെ ഞെട്ടൽ മാറുംമുമ്പേ 45-ാം മിനിറ്റിൽ രണ്ടാം ഗോളും വന്നു. നെരിയൂസ് വാൽസ്കിസിനെ മാർക്ക് ചെയ്യുന്നതിൽ കേരളയുടെ അലസത മുതലെടുത്തായിരുന്നു ഗോൾ. ആദ്യ പകുതിയുടെ അധികസമയത്ത് മൂന്നാം ഗോളും വന്നു. അനിരുദ്ധ് ഥാപ്പയുടെ പാസിൽ നിന്ന് ക്രിവെല്ലാരോ തന്റെ രണ്ടാം ഗോൾ നേടി.

മൂന്നു ഗോളിന്റെ കടത്തിൽ രണ്ടാം പകുതിയിൽ പൊരുതി ജയിക്കാൻ കൽപ്പിച്ചിറങ്ങിയ കിണഞ്ഞു ശ്രമിച്ച ബ്ലാസ്റ്റേഴ്സിന്റെ ഓഗ്ബെച്ചെ വല ചലിപ്പിച്ചു. 48-ാം മിനിറ്റിൽ ജെസ്സലിന്റെ ഷോട്ടാണ് ഓഗ്ബെച്ചെ ഗോളാക്കിയത്.
പത്തു മിനിറ്റിനുള്ളിൽ ചെന്നൈയിൻ ആധിപത്യം തിരിച്ചുപിടിച്ചു. 59-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ പിഴച്ചപ്പോൾ ചാങ്തെ ചെന്നൈയിൽ ലീഡ് നാലാക്കി ഉയർത്തി.
65-ാം മിനിറ്റിൽ സിഡോ നൽകിയ പാസിൽ നിന്ന് ഓഗ്ബെച്ചെ തന്റെയും ബ്ലാസ്റ്റേഴ്സിന്റെയും രണ്ടാം ഗോൾ നേടി. 76-ാം മിനിറ്റിൽ ഉഗ്രനൊരു ഹെഡറിലൂടെ ഹാട്രിക്ക് തികച്ച ഓഗ്ബെച്ചെ ബ്ലാസ്റ്റേഴ്സിനെ മത്സരം കൊഴുപ്പിച്ചു. 80-ാം മിനിറ്റിൽ ബ്ലാസ്റ്റേഴിന്റെ പ്രതിരോധം പിഴച്ച് ചാങ്തെ ചെന്നൈയിന് ഗോൾ അഞ്ചായി. പിന്നാലെ അധികസമയത്തിന്റെ രണ്ടാം മിനിറ്റിൽ വാൽസ്കിസ് ചെന്നൈയിന്റെ ഗോൾപട്ടിക പൂർത്തിയാക്കി.
നാലാം ജയത്തോടെ 14 മത്സരങ്ങളിൽനിന്ന് 21 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറിയ ചെന്നൈയിൻ പ്ലേ ഓഫ് സ്വപ്നം സജീവമാക്കി. ബ്ലാസ്റ്റേഴ്സ് 15 കളികളിലെ 14 പോയന്റുമായി എട്ടാം സ്ഥാനത്താണ്.