കൊറോണ വൈറസ് പരിശോധനയ്ക്ക് ആലപ്പുഴയിൽ സൗകര്യം

ആലപ്പുഴ: ദക്ഷിണേന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് പരിശോധനാ സൗകര്യം നാളെ മുതൽ വണ്ടാനത്തെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഏർപ്പെടുത്തും.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു.മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്. രോഗ പരിശോധനയ്ക്ക് ആവശ്യമായ കിറ്റുകൾ ഇന്ന് എത്തി ചേരുമെന്നറിയുന്നു.ഇത് എത്തിചേർന്നാൽ നാളെ മുതൽ കൊറോണ വൈറസ് പരിശോധന തുടങ്ങനാകും.
വിദഗ്ധരായ ഡോക്ടർമാരും ടെക്നീഷ്യൻമാരും ഇവിടെയുണ്ടെന്നത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേട്ട മാണ്.ഇതോടെ രക്തസാമ്പിളുകൾ പൂനെയിൽ അയച്ച് രോഗനിർണയം നടത്തുന്നതിലെ കാലതാമസം ഒഴിവാക്കാനാകും.

പൂനെയിലെ കേന്ദ്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. നിപ, ചിക്കുൻഗുനിയ ഉൾപ്പെടെ അടുത്തകാലത്തുണ്ടായ എല്ലാ വൈറസ് രോഗങ്ങളുടെയും പരിശോധന ഇവിടെ നടത്തിയിരുന്നു.

കൊറോണ വൈറസ് പരിശോധനാ സൗകര്യവും നിലവിൽ വരുന്നതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ഇത് പ്രയോജനമാകും.

കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയ്ക്കും ചികിത്സയ്ക്കും പ്രത്യേക സഹായം നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർഥിച്ചിരുന്നു. ഇതെത്തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ ആലപ്പുഴയിൽ ക്രമീകരണങ്ങളൊരുക്കുന്നത്.

ഇവിടുത്തെ പരിശോധനയും ചികിത്സയും കേന്ദ്ര ആരോഗ്യന്ത്രാലയം പ്രത്യകം നിരീക്ഷിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരം വിദഗ്ധ ഡോക്ടർമാരുടെ സംഘവും താമസിയാതെ എത്തുന്നുണ്ട്

നിപ വൈറസ് പരിശോധനയിൽ ശ്രദ്ധേയമായ പങ്കാണ് ഇൻസ്റ്റിറ്റ്യൂട്ട് വഹിച്ചത്. ആറുമണിക്കൂറിനുള്ളിൽ പരിശോധനാഫലം നൽകി. എറണാകുളത്ത് നിപ സംശയിച്ച് ആദ്യത്തെയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പരിശോധനാഫലം നൽകിയതും വണ്ടാനത്തെ ഇൻസ്റ്റിറ്റ്യൂട്ടാണ്.