കോളജിന്‍റെ പേര് മാറ്റി: വെള്ളാപ്പള്ളിയെ വെട്ടിനിരത്താൻ സുഭാഷ് വാസു

ആലപ്പുഴ : വെള്ളാപ്പള്ളി നടേശനെ വെട്ടിനിരത്താൻ സുഭാഷ് വാസു പണി തുടങ്ങി. പിന്തുണയുമായി ഗോകുലം ഗോപാലനും.

ആദ്യ നീക്കത്തിൽ സുഭാഷ് വാസുവിനെ ബി ഡി ജെ എസിൽ നിന്ന് പുറത്താക്കി നടേശനും മകൻ തുഷാറും കരുത്ത് കാട്ടിയെങ്കിലും  സുഭാഷ് വാസു ശക്തമായി തിരിച്ചടിച്ച് പകരം വീട്ടിയിരിക്കയാണ്. കായംകുളം കറ്റാനത്തുള്ള വെള്ളാപ്പള്ളി നടേശൻ എൻജിനിയറിംഗ് കോളജിന്റ പേര് മാറ്റിയാണ് സുഭാഷ് വാസു അങ്കം കുറിച്ചത്.

വെള്ളാപ്പള്ളി നടേശന്‍ അലങ്കാരമായി കൊണ്ടുനടന്ന ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിന്റെ പേരാണ് മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നാക്കിയത്. അഞ്ചുകോടി രൂപ നിക്ഷേപിച്ച് ഗോകുലം ഗോപാലന്‍ ട്രസ്റ്റിന്റെയുംകോളജിന്റെയും ചെയര്‍മാനായി ചുമതലയേറ്റു. വാസുവിന്റെ  നിയന്ത്രണത്തിലുള്ള ഡയറക്ടർ ബോർഡാണ് ചെയർമാനായി ഗോകുലം ഗോപാലനെ നിയമിച്ചത്. തുഷാര്‍ വെള്ളാപ്പള്ളിയെ ഗുരുദേവ ട്രസ്റ്റില്‍നിന്ന് നീക്കുകയും ചെയ്തു.  സമുദായ പിൻബലത്തിന്റെ പേരിൽ സർക്കാരുകളെ വരുതിക്ക് നിർത്തുന്ന വെള്ളാപ്പള്ളിക്ക് തിരിച്ചടിയായി സുഭാഷ് വാസുവിന്റെ നീക്കം. തിരുത്തല്‍ ശക്തിയായി  ഉണ്ടാവുമെന്ന് ഗോകുലം ഗോപാലൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

 ഇതൊരു തുടക്കം മാത്രമാണെന്നും എസ്എന്‍ഡിപിയെ ശുദ്ധീകരിക്കാന്‍ മുന്നില്‍ തന്നെയുണ്ടാകുമെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. സുഭാഷ് വാസുവും ടി.പി. സെന്‍കുമാറും നടത്തുന്ന പോരാട്ടത്തിന് പൂർണ പിന്തുണ നൽകുമെന്നും ഗോകുലം ഗോപാലന്‍ വ്യക്തമാക്കി.

അതിനിടെ എസ് എൻ ഡി പി യിൽ കുടുംബ ഭരണം നടക്കുന്നുവെന്നാക്ഷേപം ശക്തമായിട്ടുണ്ട്. വെള്ളാപ്പള്ളിക്കെതിരെ ദീർഘകാലമായി ഗോകുലം ഗോപാലൻ പട നയിക്കുന്നുണ്ടെങ്കിലും വിജയം കണ്ടിരുന്നില്ല. എന്നാൽ സുഭാഷ് വാസു വെള്ളാപ്പള്ളിയുമായി തെറ്റിയതോടെ വിമതർ ഒരുമിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ടി പി സെൻകുമാറാണ് ഒപ്പം കൂടിയത്.ഇവരുടെ നീക്കത്തിന് ഗോകുലം ഗോപാലന്റെ പിന്തുണയുണ്ടായിരുന്നു.   വരും ദിവസങ്ങളിൽ കൂടുതൽ പേർ ഇവർക്കൊപ്പം ചേരുമെന്ന് ഉറപ്പായി കഴിഞ്ഞു.

മുൻ എസ് എൻ ഡി പി യോഗം പ്രസിഡന്റ് സി കെ വിദ്യാസാഗറും ദീർഘകാലമായി  വെള്ളാപ്പള്ളിക്കെതിരേ അവസരം കാത്തിരിക്കയാണ്. ഇവരെല്ലാം ഒരുമിച്ചാൽ കാര്യങ്ങൾ ഇനി വെള്ളാപ്പള്ളി കരുതും പോലെ സുഗമമാകില്ല.തുഷാർ ബിജെപി പാളയത്തിൽ നിൽക്കുമ്പോഴും വെള്ളാപ്പള്ളിയും തുഷാറും പുലർത്തുന്ന ഇടതുകൂറ് എൽഡിഎയിലും ചർച്ചാ വിഷയമാണെങ്കിലും ഇവരെ മാറ്റി നിർത്താൻ സഖ്യത്തിന് കഴിഞ്ഞിട്ടില്ല. മാറിയ സാഹചര്യത്തിൽ മുന്നണിയിൽ ഇവർക്കെതിരേ നീക്കത്തിന് സാധ്യതയേറി. വെള്ളാപ്പള്ളി  പറഞ്ഞതു പോലെ അദ്ദേഹത്തെ തീര്‍ക്കാനുള്ള ചാവേറാണ് താനെന്ന് സുഭാഷ് വാസു അവകാശപ്പെട്ടത് നിസാരമായി തള്ളാനാവില്ല.

എസ് എൻ ഡി പി യിലും  നിയമ പോരാട്ടത്തിലും വെള്ളാപ്പള്ളിക്കെതിരേ ശക്തമായി നീങ്ങാനാണ് വാസുവിന്റെയും ഗോകുലം ഗോപാലന്റെയും തീരുമാനം.മൈക്രോ ഫിനാൻസ് തട്ടിപ്പ് കുത്തി പൊക്കി വീണ്ടും വിവാദമുണ്ടാക്കി ‘ അന്വേഷിപ്പിക്കാനാണ് ഇവരുടെ അടുത്ത നീക്കമെന്നറിയുന്നു. കൊടുത്ത് മാത്രം ശീലമുള്ള വെള്ളാപ്പള്ളിക്ക് ഏറ്റ തിരിച്ചടി നിസാരമായി കാണാനാവില്ല. എൻജിനിയറിംഗ് കോളജിന്റെ പേരു മാറ്റമുണ്ടാകുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര വേഗം അത് നടക്കുമെന്ന് വെള്ളാപ്പള്ളി കരുതിയില്ലെന്നതാണ് സത്യം.

എന്തായാലും വെള്ളാപ്പള്ളിയും തുഷാറും അടങ്ങിയിരിക്കില്ലെന്ന് ഉറപ്പാണ്.