ഓടക്കാലി പള്ളിയിൽ സംഘർഷാവസ്ഥ;

കോതമംഗലം:ഓടക്കാലി സെന്റ് മേരിസ് പള്ളിക്ക് മുന്നിൽ പോലിസും ഓർത്തഡോക്സ് യാക്കോബായ വിഭാഗവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നു.

പള്ളി നിലവിൽ യാക്കോബായ വിഭാഗത്തിന്റെ കൈയിലാണ്.
ഓര്‍ത്തഡോക്‌സ് വിഭാഗം പോലീസുമൊത്ത് പള്ളി പിടിക്കാനെത്തിയതാണ് യാക്കോബായ പക്ഷത്തെ ചൊടിപ്പിച്ചത്. പള്ളി വിട്ടുനല്‍കാനുള്ള സുപ്രിം കോടതി വിധി നടപ്പാക്കേണ്ടേ അവസാന ദിവസമായിരുന്നു ഇന്ന്.

ഇതിനുള്ള പോലീസ് ശ്രമമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
യാക്കോബായ വിഭാഗം വിശ്വാസികള്‍ പള്ളിക്കുള്ളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. യാക്കോബായ വിശ്വാസികളോട് പള്ളിയില്‍ നിന്ന് പുറത്തിറങ്ങണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഗേറ്റ് പൂട്ടി പ്രതിഷേധിക്കുകയായിരുന്നു ഇവര്‍.

രാവിലെ തന്നെ പള്ളിയിലെത്തിയ പോലിസ് പൂട്ടിയ ഗേറ്റ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു. അത് പ്രതിരോധിക്കാന്‍ യാക്കോബായ വിഭാഗം കൂട്ടമായെത്തി. പോലിസ് അവരെ പളളി വളപ്പില്‍ നിന്നും പരിസരത്തുനിന്നും പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

പള്ളി വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് യാക്കോബായ വിശ്വാസികള്‍. എന്നാല്‍ എന്തു വിലകൊടുത്തും സുപ്രിം കോടതി വിധി നടപ്പാക്കുമെന്ന് പോലിസും ഉറച്ചുനില്‍ക്കുന്നു.

അതിനിടയില്‍ വിഷയം ഒരു ക്രമസമാധാനപ്രശ്‌നമായി മാറുമോ എന്ന ആശങ്കയിലാണ് അധികാരികള്‍. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വൈദികരുമായുളള ചര്‍ച്ചകള്‍ തുടരുന്നു. ഓടക്കാലി പള്ളി ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കാനായിരുന്നു സുപ്രിം കോടതി വിധി.

പ്രതിഷേധവുമായി എത്തിയ വിശ്വാസികളെ കസ്റ്റഡിയില്‍ എടുത്ത് സ്ഥലത്തുനിന്ന് നീക്കാനാണ് പൊലീസ് ശ്രമം. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. യാക്കോബായ വിഭാഗത്തിലെ നൂറുകണക്കിന് വിശ്വാസികള്‍ ഓടക്കാലിയില്‍ എത്തിയിട്ടുണ്ട്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസവും പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയെങ്കിലും യാക്കോബായ വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അതിന് കഴിഞ്ഞിരുന്നില്ല. അതിനാലാണ് ഇത്തവണ പൊലീസ് സംരക്ഷണത്തില്‍ എത്തിയത്. തഹസില്‍ദാര്‍ എത്തിയ ശേഷം പള്ളിയില്‍ പ്രവാശിപ്പിക്കാം എന്ന നിലപാടിലാണ് പൊലീസ്.