ബിജെപിയിൽ നേതാക്കളുടെ പോര്; അണികൾക്ക് ആശങ്ക

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഘടകത്തിലെ നേതാക്കളുടെ അഭിപ്രായ ഭിന്നത മറനീക്കി തുറന്ന പോരിലേക്ക്. സീനിയർ നേതാക്കൾക്കിടയിലെ ഗ്രൂപ്പിസം കാരണം സംസ്ഥാന പ്രസിഡന്റിന്റെ പ്രഖ്യാപനവും നീളുകയാണ്. സീനിയർ നേതാക്കളായ ഒ രാജഗോപാലും കുമ്മനം രാജശേഖരനും അത്യപ്തരാണ്. പാർട്ടി ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പിൽ തങ്ങളുടെ അഭിപ്രായം തേടിയില്ലെന്ന പരാതി ഇവർ ബന്ധപ്പെട്ടവരെ അറിയിച്ചു കഴിഞ്ഞു.

ജില്ലാ പ്രസിഡന്റ് പദവികൾ കൃഷ്ണദാസ്, മുരളീധരപക്ഷങ്ങൾ പങ്കിട്ടെടുത്തപ്പോൾ അർഹരായവർ ചിലരെങ്കിലും തഴയപ്പെട്ടെന്ന് നേതാക്കൾക്ക് ആക്ഷേപമുണ്ട്.

പൗരത്വ ബില്ലിനെ ചൊല്ലിയുള്ള ഗവർണർ – സർക്കാർ തർക്കത്തിൽ സർക്കാരിന് അനുകൂല നിലപാട് സ്വീകരിച്ച രാജഗോപാലിനെതിരേ ബിജെപിയിൽ ഭിന്നത രൂക്ഷമായിക്കഴിഞ്ഞു. ഗവര്‍ണര്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പ് കേന്ദ്രസര്‍ക്കാരിനെതിരാണെന്ന വിലയിരുത്തലുമായി ബിജെപി മുന്നോട്ട് പോകുന്നതിനിടെയാണ് ഗവര്‍ണര്‍ക്കെതിരെ ഒ രാജഗോപാലിന്റെ അഭിപ്രായപ്രകടനം.

മുഖ്യമന്ത്രി പിണറായിയും ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും സംയമനം പാലിക്കണമെന്ന ഒ രാജഗോപാലിന്റെ നിലപാട് പാര്‍ട്ടി സംസ്ഥാന ഘടകത്തിൽ ചർച്ചയായിട്ടുണ്ട്.
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ എതിര്‍ നിലപാട് ആവര്‍ത്തിക്കുന്ന രാജഗോപാൽ പാര്‍ട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്.
സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ രാജഗോപാല്‍ എതിര്‍പ്പ് രേഖപ്പെടുത്താഞ്ഞതിനാൽ പ്രമേയം ഐക്യകണ്‌ഠേന പാസായത് പാര്‍ട്ടിക്കകത്ത് വിവാദമായിരുന്നു.ഇത് ഇനിയും കെട്ടടങ്ങിയിട്ടില്ല.

പാര്‍ട്ടി ഇക്കാര്യത്തിൽ നിര്‍ദ്ദേശമൊന്നും നൽകിയിട്ടില്ലെന്നായിരുന്നു രാജഗോപാലിന്റെ വിശദീകരണം. രാജഗോപാലിന്റെ നിലപാട് കേന്ദ്ര നേത്യത്വത്തെ പരസ്യമായി ചോദ്യം ചെയ്യുന്നതാണെന്ന് വിശ്വസിക്കുന്ന നേതാക്കൾ ബി ജെ പി യിലുണ്ട്.

പാർട്ടിയുടെ ഏക എംഎല്‍എയായ രാജഗോപാലും പാര്‍ട്ടി സംസ്ഥാന ഘടകവുമായി കുറെനാളായി ഫല പ്രദമായ ആശയവിനിമയം നടക്കുന്നില്ല. ജില്ലാ അധ്യക്ഷരെ നിശ്ചയിച്ചതിലടക്കം തന്നോട് കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന പരാതി രാജഗോപാലിനുമുണ്ട്.

ഇതിലുള്ള അതൃപ്തി കൂടിയാണ് രാജഗോപാലിന്റെ പ്രസ്താവനകളില്‍ പ്രകടമാകുന്നതെന്ന ആക്ഷേപമുണ്ട്. ബിജെപിയിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായ ഭിന്നതകൾക്കിടെ ഇതു കൂടിയായതോടെ ഗ്രൂപ്പിസം ശക്തമായിക്കഴിഞ്ഞു.

വട്ടിയൂർക്കാവിൽ അവസാന നിമിഷം സീറ്റ് നിഷേധിച്ച പാർട്ടി നേത്യത്വത്തോട് കുമ്മനം രാജശേഖരനും കുറെ നാളായി ഭിന്നതയിലാണ്. അഭിപ്രായ വ്യത്യാസം പുറത്തു പറയുന്നില്ലെന്ന് മാത്രം. മിസോറാം ഗവർണറായിരുന്ന കുമ്മനത്തെ തിരികെ കൊണ്ടുവന്ന് അവഹേളിക്കുകയായിരുന്നുവെന്ന് വിശ്വസിക്കുന്ന ഒരു പ്രബല വിഭാഗം പാർട്ടിയിലുണ്ട്.

രണ്ട് സീനിയർ നേതാക്കളെയും താമസിയാതെ ഡൽഹിയിലേക്ക് വിളിപ്പിക്കാനിടയുണ്ടെന്ന് സൂചനയുണ്ട്.