താരങ്ങളുടെ പരിക്കിൽ ആശങ്ക; പകരക്കാർ അണിനിരക്കും

മുംബൈ:താരങ്ങളുടെ പരിക്ക് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പടർത്തുന്നു. പകരക്കാരെ കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യം തുടങ്ങി കഴിഞ്ഞു.

ഓസീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ തോളിനു പരുക്കേറ്റ ഓപ്പണർ ശിഖർ ധവാനു പിന്നാലെ രഞ്ജി ട്രോഫി മത്സരത്തിനിടെ മുൻനിര പേസ് ബോളർ ഇഷാന്ത് ശർമയ്ക്കും പരുക്കേറ്റു.

വിദർഭയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് ഇഷാന്തിന്റെ കണങ്കാലിനു പരുക്കേറ്റത്. ഇതോടെ, ന്യൂസീലൻഡ് പര്യടനത്തിൽ ഇരുവരുടെയും പങ്കാളിത്തം സംശയത്തിലായി. ധവാന്റെ ഇടതു തോളിലാണു പരുക്ക്. താരം പിന്നീടു ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല.

പരുക്ക് സാമാന്യം ഗൗരവമായതിനാൽ ധവാന് ന്യൂസീലൻഡ് പര്യടനത്തിലെ ട്വന്റി20, ഏകദിന പരമ്പരകൾ പൂർണമായും നഷ്ടമാകുമെന്നാണ് വിവരം. നിലവിൽ ന്യൂസീലൻഡ് പര്യടനത്തിനായി പ്രഖ്യാപിച്ചിരിക്കുന്ന ട്വന്റി20 ടീമിൽ ധവാൻ അംഗമാണ്. ധവാന് പര്യടനം നഷ്ടമായാൽ പകരം താരത്തെ കണ്ടെത്തേണ്ടിവരും.

ഈ മാസം 24നാണ് ട്വന്റി20 പരമ്പരയോടെ ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനത്തിനു തുടക്കമാകുന്നത്. ഇന്ത്യൻ ടീമിന്റെ ആദ്യ സംഘം പര്യടനത്തിനായി ന്യൂസീലൻഡിലേക്കു പോയിക്കഴിഞ്ഞു. രണ്ടാം സംഘം ഇന്നു രാത്രി പുറപ്പെടും. അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും ഉൾപ്പെടുന്ന പരമ്പരയാണ് ഇന്ത്യ ന്യൂസീലൻഡിൽ കളിക്കുന്നത്.


ഇപ്പോള്‍ ന്യൂസീലൻഡിലുള്ള ഇന്ത്യ എ ടീമിൽനിന്ന് ആരെങ്കിലുമാകും ധവാന്റെ പകരക്കാരനെന്നാണ് സൂചന. ഇവർ ന്യൂസീലൻഡിലുള്ളതിനാൽ പകരക്കാരനെ പ്രഖ്യാപിക്കുന്നതു വൈകാനും ഇടയുണ്ട്. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായി രഞ്ജി മത്സരത്തിനിടെ ധവാനു പരുക്കേറ്റപ്പോൾ മലയാളി താരം സഞ്ജു സാംസണായിരുന്നു പകരക്കാരൻ. നിലവിൽ ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിൽ സഞ്ജുവും അംഗമായതിനാൽ താരത്തെ ടീമിലേക്കു വിളിക്കാൻ സാധ്യതയുണ്ട്.


ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളെ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മുൻനിര ബോളറായ ഇഷാന്ത് ശർമയ്ക്കു പരുക്കേറ്റത്. ഡൽഹിയിൽ വിദർഭയ്ക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ക്യാപ്റ്റൻ ഫായിസ് ഫസലിനെതിരെ എൽബിക്കായി അപ്പീൽ ചെയ്യുന്നതിനിടെയാണ് ഇഷാന്തിന്റെ കണങ്കാലിനു പരുക്കേറ്റത്.