മരടിലെ കോൺക്രീറ്റ് മാലിന്യം നീക്കം വൈകും; സമീപവാസികൾ ദുരിതത്തിൽ!

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ തകർത്തതിന്റെ മാലിന്യം നീക്കാൻ സ്ഥലം കണ്ടെത്താനാകാതെ അധികൃതർ വലയുന്നു. ഇവ നീക്കം ചെയ്യാൻ അനുയോജ്യമായ സ്ഥലം തിരയുമ്പോൾ സമീപവാസികളുടെ എതിർപ്പാണ് തടസമാകുന്നത്. ഫ്ലാറ്റ് മാലിന്യം മൂലം കാറ്റടിച്ചാൽ പൊടിപറക്കുന്നത് സ്ഥി പതിവായിട്ടുണ്ട്.

ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് ഏതാനും മണിക്കൂർ നേരത്തേക്ക് ഒഴിപ്പിക്കപ്പെട്ട സമീപവാസികൾക്ക് ഉടൻ മടങ്ങിയെത്താനാവില്ല. വീട്ടുടമസ്ഥർ ചിലർ മടങ്ങി വന്നെങ്കിലും പൊടിശല്യം കാരണം വാടക വീടുകളിലേക്ക് മടങ്ങുകയായിരുന്നു.

പല വീടുകളുടെയും ടെറസുകളിലും മേൽക്കൂരയിലും മാലിന്യങ്ങൾ കൂടിക്കിടക്കുന്നു. എയർഹോൾവഴി പൊടി വീട്ടിനകത്തും അടുക്കളയിലും പരക്കുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങൾ ഭയന്നാണ് പലരും വാടക വീടുകളിലേക്ക് മടങ്ങിയത്.

മാലിന്യ നീക്കത്തിന് സ്ഥലം കണ്ടെത്തിയാലും ഇത് നീക്കാൻ രണ്ടു മാസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. അതും യുദ്ധകാലാടിസ്ഥാനത്തിൽ മാലിന്യങ്ങൾ നീക്കിയാൽ. ഇക്കാരത്തിൽ സാങ്കേതിക വിദഗ്ധരുടെയും പോലീസിന്റെയും സഹായം കൂടിയേ തീരു.

തിരക്കേറിയ കുണ്ടന്നൂരിലൂടെ രാപകൽ ടിപ്പർ അടക്കമുള്ള വാഹനങ്ങൾ ഓടിക്കേണ്ടി വരും. നീക്കം ചെയ്യുന്നതിനിടെയും വഴി നീളെ പൊടിശല്യം ഉണ്ടാകാതിരിക്കാനുള്ള നടപടിയും സ്വീകരിക്കേണ്ടി വരും.

മാലിന്യ നീക്കം പൂർത്തിയായലേ സമീപവാസികൾക്ക് സ്വന്തം വീടുകളിൽ താമസമാക്കാനാകൂ. സാഹചര്യം തിരിച്ചറിഞ്ഞ് ആരും പ്രശ്നമുണ്ടാക്കാതിരിക്കുന്നതാണ് നഗരസഭയുടെ ഏക ആശ്വാസം