റോഡ് നിർമ്മാണത്തിന് ജർമ്മൻ സാങ്കേതിക വിദ്യ വ്യാപകമാക്കും

റോഡ് നിർമ്മാണ രംഗത്ത് സംസ്ഥാനത്ത് ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷണം നടത്തും.നിലവിലുള്ള റോഡിന്റെ ഉപരിതലം അടർത്തിയെടുത്ത് പുതിയ റോഡ് നിർമ്മാണ സാമഗ്രികളുമായി ചേർത്ത് റോഡ് നിർമ്മിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ദേശീയപാത 66 ൽ അരൂർ മുതൽ ചേർത്തല എക്സറേ ജംഗ്ഷൻ വരെയുള്ള റോഡിന്റെ പുനരുദ്ധാരണമാണ് നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പാക്കുന്നത്. നേരത്തേ ദേശീയ പാതയിൽ പാതിരപ്പള്ളി – പുറക്കാട് ഭാഗത്ത് ടാറിംഗിന് ഈ രീതി അവലംബിച്ചിരുന്നു. പത്തനംതിട്ട ജില്ലയിൽ ആനയടി കൂടൽ ഭാഗത്തും ഇത് വിജയകരമായി നടപ്പാക്കിയിരുന്നു.

കോൾഡ്മില്ലിംഗ് ആൻഡ് റീസൈക്ലിംഗ് ഇൻ ഹോട്ട് മിക്സ് പ്ലാന്റ് രീതിയിലാണ് നവീന രീതി. പ്രളയത്തിൽ തകർന്ന സംസ്ഥാനത്തെ 236655 കിലോമീറ്റർ റോഡ് ഈ രീതിയിൽ നിർമ്മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതിയിടുന്നത്.

വളരെ വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കുന്നതിനൊപ്പം റോഡിന്റെ നിലവാരവും ഉറപ്പാക്കാൻ നവീന സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.