അമേരിക്ക-ഇറാന്‍ സംഘര്‍ഷം; ദുബായിക്ക് സുരക്ഷാ ഭീഷണിയില്ല

ദുബായ്: അമേരിക്ക- ഇറാന്‍ വിഷയത്തില്‍ ദുബായിക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ദുബായി മീഡിയാ ഓഫീസ് നിര്‍ദ്ദേശിച്ചു.

അമേരിക്ക- ഇറാന്‍ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് യാത്രചെയ്യുന്നത് സുരക്ഷിതമല്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ദുബായി മീഡിയാ ഓഫീസിന്റെ വിശദീകരണം. ദുബായിക്ക് യാതൊരുവിധത്തിലുള്ള ഭീഷണിയില്ലെന്ന് മീഡിയാ ഓഫീസ് വ്യക്തമാക്കി.

ദുബായ് ലക്ഷ്യമിട്ടുള്ള സുരക്ഷാ ഭീഷണികളെക്കുറിച്ച്‌ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വ്യാജമാണെന്നും ഇറാനിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് ദുബായിയെ അക്രമിക്കുമെന്നതരത്തില്‍ മുന്നറിയിപ്പ് വന്നിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. 

അതേസമയം നിലവിലെ പ്രശ്‌നബാധിത സ്ഥിതിയില്‍ മാറ്റമുണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തുകയാണ് അത്യാവശ്യം, സ്ഥിരതയ്ക്കായുള്ള രാഷ്ട്രീയ പരിഹാരമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.