സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇനി മരുന്നുകളും; പുതിയ നീക്കവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊല്ലം: സൂപ്പര്‍ മാര്‍ക്കറ്റുകളിലും മരുന്നു ലഭ്യമാകുന്ന കാലം വിദൂരമല്ലെന്നതിന്റെ സൂചനകള്‍ നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഓവര്‍ ദ് കൗണ്ടര്‍ (ഒടിസി) മരുന്നുകളുടെ തരംതിരിച്ച പട്ടിക തയാറാക്കാന്‍ മന്ത്രാലയം ഒരുങ്ങുന്നു. ഒടിസി 1, ഒടിസി 2 എന്നീ പേരുകളില്‍ തയാറാക്കുന്ന രണ്ട് പട്ടികകളിലെ മരുന്നുകള്‍ വില്‍ക്കാന്‍ ഫാര്‍മസിസ്റ്റോ ഡോക്ടറുടെ കുറിപ്പടിയോ വേണ്ട. അതേസമയം ലൈസന്‍സ് ഉണ്ടായിരിക്കണം.

ആദ്യ ഘട്ടത്തില്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കുന്ന ഒടിസി മരുന്നുകള്‍ പിന്നീട് സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള ചില്ലറ വില്‍പന കേന്ദ്രങ്ങളിലും ലഭ്യമാകും. ഒടിസി മരുന്നുകള്‍ ഏതൊക്കെയാണെന്നു സര്‍ക്കാര്‍ നിര്‍വചിക്കണമെന്നു ഡ്രഗ് കണ്‍സല്‍ട്ടേറ്റിവ് കമ്മിറ്റി (ഡിസിസി) കഴിഞ്ഞ മാസം ശുപാര്‍ശ ചെയ്തിരുന്നു.  മരുന്നിന്റെ സ്വഭാവം, സുരക്ഷ, ലഭ്യത, ദുരുപയോഗം ചെയ്യാനുള്ള സാധ്യത എന്നിവ അടിസ്ഥാനമാക്കി സര്‍ക്കാര്‍ രണ്ട് പട്ടികകള്‍ തയാറാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

ഔഷധ മേഖലയിലെ സര്‍ക്കാരിന്റെ പരമോന്നത ഉപദേശക സമിതിയായ ഡ്രഗ് ടെക്നിക്കല്‍ അഡ്വൈസറി ബോര്‍ഡും (ഡിടിഎബി) തുടര്‍ന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും നിര്‍ദേശം അംഗീകരിക്കുന്നതോടെ തീരുമാനം നടപ്പാകും. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടറില്ലെങ്കിലും അത്യാവശ്യ മരുന്നുകള്‍ നല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് ആരോഗ്യ വകുപ്പു മുന്‍പ് അനുമതി നല്‍കിയിരുന്നു.