എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി : ടെലികോം കമ്ബനികള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ടെലികോം കമ്ബനികള്‍ സ്പെക്‌ട്രം വാങ്ങിയ ഇനത്തിലുള്ള കുടിശ്ശിക അടയ്ക്കുന്നതിനുള്ള മൊറട്ടോറിയം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കമ്ബനികള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് (2020-2021,2021-2022) മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന സാമ്ബത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയുടെ (സിസിഇഎ) നിര്‍ദേശമാണ് കേന്ദ്രം അംഗീകരിച്ചത്. തിരിച്ചടവ് കാലാവധി നീട്ടി നല്‍കുന്നതിനെയാണ് മൊറട്ടോറിയം എന്നതു കൊണ്ടുദ്ദേശിക്കുന്നത്.

ഭാരതി എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ കമ്ബനികള്‍ക്ക് ഈ ആനുകൂല്യം ആശ്വാസകരമാകും. കമ്ബനികളുടെ സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇളവ് നല്‍കിയതെന്നു ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിസഭയും അംഗീകാരം നല്‍കി.

ടെലികോം മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച സെക്രട്ടറിമാരുടെ സമിതിയുടെ ശുപാര്‍ശകള്‍ അനുസരിച്ച്‌ ടെലികോം സേവന ദാതാക്കള്‍ നല്‍കേണ്ട ശേഷിക്കുന്ന തവണകളിലേക്ക് ഈ തുക തുല്യമായി വീതിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സ്‌പെക്‌ട്രം ലേലം ചെയ്യുമ്ബോള്‍ നിശ്ചയിച്ചിട്ടുള്ള പലിശ ഈടാക്കുമെന്നും അതിനാല്‍ അടയ്‌ക്കേണ്ട തുകയുടെ ഇപ്പോഴത്തെ മൂല്യം (എന്‍പിവി) പരിരക്ഷിക്കപ്പെടുമെന്നും ധനമന്ത്രി അറിയിച്ചു. മൊറട്ടോറിയം അനുവദിക്കുന്ന ടെലികോം സേവന ദാതാക്കള്‍ പുതുക്കിയ അടയ്ക്കേണ്ട തുകയ്ക്ക് ബാങ്കില്‍ ഗ്യാരണ്ടി നല്‍കണം.