അഞ്ച്‌ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കും; കേരളത്തിന്റെ പെട്രോകെമിക്കല്‍ പാര്‍ക്കും ത്രിശങ്കുവില്‍

ഭാരത്‌ പെട്രോളിയം കോര്‍പറേഷന്‍ ഉള്‍പ്പെടെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച്‌ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കൊച്ചി ബിപിസിഎല്‍ എണ്ണശുദ്ധീകരണശാലയും വില്‍ക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിലുണ്ട്‌. ബുധനാഴ്‌ച വൈകിട്ട്‌ ചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ തീരുമാനമെടുത്തത്‌.

ഈ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കുമെന്ന്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍ രാത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുകൂടാതെ 23 സ്ഥാപനങ്ങളുടെ 51 ശതമാനത്തില്‍ താഴെ ഓഹരികള്‍ വില്‍ക്കാനും തീരുമാനമായി. ഓഹരി വില്‍പ്പനയ്‌ക്കൊപ്പം ഉടമസ്ഥാവകാശ കൈമാറ്റവും പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ എന്നിവയുടെ ഓഹരികളും വില്‍ക്കും.  ബിപിസിഎല്ലിന്റെ 53.29 ശതമാനം ഓഹരികള്‍ വില്‍ക്കും. എന്നാല്‍, അസമിലെ നുമാലിഗഡ്‌ എണ്ണശുദ്ധീകരണശാലയുടെ നിയന്ത്രണം മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന്‌ കൈമാറും. തെഹ്‌രി ഹൈഡ്രോഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‍, നോര്‍ത്ത്‌ ഈസ്‌റ്റേണ്‍ ഇലക്‌ട്രിക്‌ പവര്‍ കോര്‍പറേഷന്‍ എന്നിവയിലെ സര്‍ക്കാര്‍ ഓഹരികള്‍ എന്‍ടിപിസിക്ക്‌ വില്‍ക്കും.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണശുദ്ധീകരണ സ്ഥാപനമായ ബിപിസിഎല്ലിന്റെ ഓഹരികള്‍ ഇതോടെ പൂര്‍ണമായും സര്‍ക്കാര്‍ കൈയ്യൊഴിയും. ഷിപ്പിങ് കോര്‍പറേഷനില്‍ കേന്ദ്രസര്‍ക്കാരിനുള്ള 63.75 ശതമാനം ഓഹരികളില്‍ 53.75ശതമാനവും വില്‍ക്കാന്‍ സാമ്ബത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭ സബ്‌കമ്മിറ്റി തീരുമാനിച്ചു.

കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ (കോണ്‍കോര്‍) 30. 9 ശതമാനം ഓഹരികളും വില്‍ക്കും. കോണ്‍കോറില്‍ 54. 80 ഓഹരിയാണ്‌ കേന്ദ്രസര്‍ക്കാരിനുള്ളത്‌. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുത്ത പൊതുമേഖലാസ്ഥാപനങ്ങളുടെ നിയന്ത്രണം നിലനിര്‍ത്തി 51 ശതമാനത്തില്‍ താഴെ ഓഹരി വില്‍ക്കും.

ഇന്ത്യ ഗവണ്‍മെന്റ്‌ 27.75 കോടിരൂപ ചെലവഴിച്ച്‌ സ്ഥാപിച്ച ബിപിസിഎല്‍ 3.38 ലക്ഷം കോടി രൂപയിലധികം വിറ്റുവരവും 7132 കോടിരൂപ ലാഭവുമുള്ള സ്ഥാപനമാണ്‌. 48,182 കോടിയിലധികം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളും നടക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ വ്യവസായസ്ഥാപനം കൂടിയാണ്‌. വില്‍പന രാജ്യത്തിന്റെ ഊര്‍ജസുരക്ഷയെയും ബാധിക്കും. കേരളത്തിന്റെ 5426 കോടിരൂപയുടെ വ്യവസായ സ്വപ്‌നപദ്ധതിയായ പെട്രോകെമിക്കല്‍ പാര്‍ക്കും ത്രിശങ്കുവിലാകും. ബിപിസിഎല്‍ വില്‍പ്പനയ്‌ക്ക്‌ കേന്ദ്രസര്‍ക്കാര്‍ നീക്കമാരംഭിച്ച ഘട്ടത്തില്‍ത്തന്നെ നിരവധി ബഹുരാഷ്‌ട്ര എണ്ണകമ്ബനികള്‍ താല്‍പര്യം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ എണ്ണക്കമ്ബനിയായ ടെലൂറിയനാണ്‌ ഇവരില്‍ മുന്‍പന്തിയിലുള്ളത്‌