ചിലിയില്‍ ജനകീയ പ്രക്ഷോഭം; ഒത്തുതീര്‍പ്പിന് തയ്യാറെന്ന സൂചന നല്‍കി പ്രസിഡന്റ്

ചിലിയില്‍ ജനകീയ പ്രക്ഷോഭം തുടരവെ ഒത്തുതീര്‍പ്പിന് തയ്യാറെന്ന സൂചന നല്‍കി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര. അസമത്വമില്ലാതാക്കാന്‍ പുതിയൊരു സാമൂഹ്യ കരാറിന് രൂപം നല്‍കാന്‍ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് പിനേര അറിയിച്ചു. അതേസമയം പ്രക്ഷോഭവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ തുടരുകയാണ്.

ചിലിയിലെ ജനകീയ പ്രക്ഷോഭം പതിനാറാം ദിവസത്തേിലേയക്ക് കടന്ന സാഹചര്യത്തിലാണ് നിലപാട് മയപ്പെടുത്തി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര രംഗത്തെത്തിയത്.അതേസമയം പ്രക്ഷോഭവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. അക്രമസംഭവങ്ങളെത്തുടര്‍ന്ന് ഞായറാഴ്ച മാത്രം എട്ട് പേരാണ് മരിച്ചത്. അടിയന്തരാവസ്ഥ തുടരുന്നതിനാല്‍ തലസ്ഥാന നഗരിയായ സാന്റിയാഗോയിലെ സ്‌ക്കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

മെട്രോ ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനെതിരെ ഒക്ടോബര്‍ ആറിനാണ് ചിലിയില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് ജനം ഏറ്റെടുക്കുകയായിരുന്നു.